ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി 10000 റണ്‍സ് തികച്ച താരമാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്‌മാന്‍മാരില്‍ ഒരാളായ സുനില്‍ ഗാവസ്‌കര്‍. 

മുംബൈ: ടി20 ക്രിക്കറ്റിനോട് പലരും മുഖംതിരിച്ചപ്പോഴും താന്‍ കുട്ടി ക്രിക്കറ്റിന്‍റെ വലിയ ആരാധകനാണെന്ന് ഇതിഹാസ ക്രിക്കറ്റര്‍ സുനില്‍ ഗാവസ‌്‌കര്‍. മോഡേണ്‍ ഡേ ഗ്രേറ്റ് എ ബി ഡിവില്ലിയേഴ്‌സിനെ പോലെ 360 ഡിഗ്രിയില്‍ ബാറ്റ് വീശാന്‍ താന്‍ കൊതിക്കുന്നതായും ഇന്ത്യന്‍ മുന്‍ നായകന്‍ പറഞ്ഞു. 

'തന്‍റെ തലമുറയില്‍ കളിച്ചിരുന്ന ഏറെ താരങ്ങള്‍ക്ക് ടി20 ക്രിക്കറ്റിനോട് താല്‍പര്യമില്ല എന്ന് അറിയാം. എന്നാല്‍ ഞാന്‍ ടി20യെ ഇഷ്‌ടപ്പെടുന്നു. മൂന്ന് മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കുന്നു എന്നതാണ് അതിന് ലളിതമായ കാരണം. ആരെങ്കിലും സ്വിച്ച് ഹിറ്റോ റിവേഴ്‌സ് സ്വീപ്പോ കളിക്കുമ്പോള്‍ ഞാനെന്‍റെ കസേരയില്‍ നിന്ന് ചാടിയെണീക്കും. ആ ഷോട്ടുകള്‍ അവിസ്‌മരണീയവും അസാധാരണവും ആയതിനാലാണത്. ഇത്തരം സിക്‌സറുകള്‍ നേടണമെങ്കില്‍ ഏറെ കഴിവുണ്ടാവണം. 

എ ബി ഡിവില്ലിയേഴ്‌സിനെ പോലെ 360 ഡിഗ്രിയില്‍, എല്ലാ ഷോട്ടുകളും കളിക്കാനാഗ്രഹിക്കുന്നു. നെറ്റ്‌സില്‍ പ്രാക്‌ടീസ് ചെയ്യുന്നത് പോലെയാണ് എബിഡിയുടെ ബാറ്റിംഗ് തോന്നിക്കുന്നത്. വളരെ ലളിതമായാണ് അദേഹം ബാറ്റ് വീശുന്നത്. മികച്ച ദൂരത്തേക്ക് പന്തെത്തിക്കുന്നു. ബാറ്റിംഗ് കാണാനും മനോഹരമാണ്. എബിഡിയുടെ ബാറ്റിംഗ് കാണാന്‍ ഇഷ്‌ടപ്പെടുന്നു' എന്നും ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി 10000 റണ്‍സ് തികച്ച താരമാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്‌മാന്‍മാരില്‍ ഒരാളായ സുനില്‍ ഗാവസ്‌കര്‍. 1971ല്‍ അരങ്ങേറി 16 വര്‍ഷം നീണ്ട കരിയറില്‍ സ്ഥിരതയും സാങ്കേതിക മികവും ഭയരഹിതമായ ബാറ്റിംഗും കൊണ്ട് പേരെടുത്തു. 125 ടെസ്റ്റുകളില്‍ 51.12 ശരാശരിയില്‍ 10122 റണ്‍സ് ഗാവസ്‌കര്‍ അടിച്ചുകൂട്ടിയപ്പോള്‍ 34 ശതകങ്ങളും നാല് ഇരട്ട ശതകങ്ങളും അതില്‍ ഉള്‍പ്പെടുന്നു. 236 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. 108 ഏകദിനങ്ങളില്‍ 3092 റണ്‍സും പേരിലാക്കിയിട്ടുണ്ട്.

ഗാലറിക്ക് ചുറ്റുമുള്ള സ്‌ഫോടനാത്മക ബാറ്റിംഗ് കൊണ്ട് 'മിസ്റ്റര്‍ 360' എന്ന് വിശേഷിപ്പിക്കപ്പെടുന്ന എ ബി ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കയ്‌ക്കായി 114 ടെസ്റ്റുകളില്‍ നിന്ന് 50.66 ശരാശരിയില്‍ 8765 റണ്‍സും 228 ഏകദിനങ്ങളില്‍ 53.5 ശരാശരിയില്‍ 9577 റണ്‍സും പേരിലാക്കി. ടി20യില്‍ 78 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 26.12 ശരാശരിയില്‍ 1672 റണ്‍സും സ്വന്തം. ടെസ്റ്റില്‍ 22ഉം ഏകദിനത്തില്‍ 25ഉം സെഞ്ചുറികള്‍ പേരിനൊപ്പമുണ്ട്. ഐപിഎല്‍ അടക്കമുള്ള ടി20 ലീഗുകളില്‍ മാത്രമാണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എബിഡി ഇപ്പോള്‍ കളിക്കുന്നത്. 

കോണ്‍വേയുടെ ക്ലാസ് സെഞ്ചുറി; തകര്‍ന്നത് ഗാംഗുലിയുടെ 25 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്

ഐപിഎല്‍: യുഎഇയിലേക്കില്ലാത്ത വിദേശ താരങ്ങള്‍ക്ക്' സാലറി കട്ട്'- റിപ്പോര്‍ട്ട്

2015ൽ ഓസ്ട്രേലിയയുടെ ലോകകപ്പ് ജേതാവ്, ഉപജീവനത്തിന് ഇപ്പോൾ ആശാരിപ്പണി; ദോഹർട്ടിയുടെ അമ്പരപ്പിക്കുന്ന ജീവിതകഥ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona