ഇപ്പോള്‍ ഐപിഎല്ലില്‍ ബാറ്റര്‍മാര്‍ ക്രീസിലെത്തിയാല്‍ ആദ്യം പോകുന്നത് അമ്പയര്‍മാരുടെ അടുത്തേക്കാണ്. അവിടെ ചെറിയ പരിശോധനയൊക്കെ കഴിഞ്ഞ് പച്ചക്കൊടി ലഭിച്ചാല്‍ മാത്രമെ ക്രീസില്‍ കാലുകുത്താനാകു

വെസ്റ്റ് ഇൻഡീസിനെതിരായ ഗയാന ടെസ്റ്റില്‍ ബാറ്റിന് ഭാരം കുറവാണെന്ന് പറഞ്ഞ് കാര്‍പെന്ററെ വിളിച്ചുവരുത്തിയ സച്ചിൻ തെൻഡുല്‍ക്കറുടെ രസകരമായ കഥയെക്കുറിച്ച് സൗരവ് ഗാംഗുലി പറഞ്ഞ് കേട്ടിട്ടില്ലെ. അന്ന് ബാറ്റിന്റെ പിൻഭാഗത്തായി വുഡ്ബ്ലോക്ക് കൂട്ടിച്ചേര്‍ത്ത സച്ചിനെ കൗതുകത്തോടെയാണ് ഗാംഗുലി നോക്കി നിന്നത്. ഭാരമേറിയ ബാറ്റുകളായിരുന്നു സച്ചിൻ പവര്‍ ജനറേറ്റ് ചെയ്യുന്നതിനായി ഉപയോഗിച്ചിരുന്നത്. 

ഇന്നായിരുന്നെങ്കില്‍, സച്ചിന് അത്തരമൊരു ബാറ്റുമായി ഐപിഎല്ലില്‍ ഇറങ്ങാനാകുമായിരുന്നോ? അതില്‍ ചെറിയ സംശയമുണ്ട്. ഇപ്പോള്‍ ഐപിഎല്ലില്‍ ബാറ്റര്‍മാര്‍ ക്രീസിലെത്തിയാല്‍ ആദ്യം പോകുന്നത് അമ്പയര്‍മാരുടെ അടുത്തേക്കാണ്. അവിടെ ചെറിയ പരിശോധനയൊക്കെ കഴിഞ്ഞ് പച്ചക്കൊടി ലഭിച്ചാല്‍ മാത്രമെ ക്രീസില്‍ കാലുകുത്താനാകു. 

സംഭവം മറ്റൊന്നുമല്ല, ബാറ്റിന്റെ ഡയമെൻഷൻസ് പരിശോധിക്കുകയാണ്, ഭാരമേറിയ ബാറ്റാണോ ഉപയോഗിക്കുന്നത് എന്നറിയാൻ. എന്തിനാണ് ഇത്തരമൊരു പരിശോധനയെന്ന് ചിന്തിച്ചിട്ടുണ്ടോ?

നേരെത്തയും ഇത്തരം പരിശോധനകള്‍ ഐപിഎല്ലിലുണ്ടായിരുന്നു. മത്സരത്തിന്റെ തലേന്ന്. താരങ്ങള്‍ നല്‍കുന്ന ഏതെങ്കിലുമൊരു ബാറ്റായിരുന്നു പരിശോധനയ്ക്കായി എടുത്തിരുന്നത്. ഇതിനാല്‍, മത്സരസമയത്ത് ഭാരമേറിയ ബാറ്റ് ഉപയോഗിക്കാൻ താരങ്ങള്‍ക്ക് കഴിയുമായിരുന്നു. 

എന്നാല്‍, ഇത്തവണ മുതല്‍ ബിസിസിഐ അല്‍പ്പം സ്ട്രിക്ടായി. പല മാച്ച് ഒഫീഷ്യല്‍സും ബാറ്റര്‍മാ‍ര്‍ ഇത്തരം ബാറ്റുകള്‍ ഉപയോഗിക്കുന്നതില്‍ ആശങ്ക അറിയിച്ചതിന് പിന്നാലെയാണ് നീക്കമുണ്ടായിരിക്കുന്നത്. ഭാരമേറിയ ബാറ്റ് ഉപയോഗിച്ചാല്‍ ബൗളര്‍മാര്‍ക്ക് മുകളില്‍ ബാറ്റര്‍മാര്‍ക്ക് ലഭിക്കുന്ന അഡ്വാന്റേജ് ഒഴിവാക്കി ഒരു ബാലൻസ് കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. അതുകൊണ്ട് മത്സരസമയത്ത് തന്നെയാക്കി പരിശോധന

ഇതിനായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് 2018ല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഉപയോഗിച്ചുതുടങ്ങിയ നിയമമാണ് ഐപിഎല്ലും ഏറ്റെടുത്തിരിക്കുന്നത്. താരങ്ങള്‍ ഉപയോഗിക്കുന്ന ബാറ്റെല്ലാം ഒരേ മാനദണ്ഡത്തിന് കീഴിലായിരിക്കണമെന്ന നിര്‍ബന്ധമാണ് ഇതിന് പിന്നില്‍. എംസിസിയുടെ ക്രിക്കറ്റ് നിയമം അനുസരിച്ച് ഉപയോഗിക്കുന്ന ബാറ്റിന് അളവുണ്ട്. എഡ്ജുകള്‍ നാല് സെന്റി മീറ്ററായിരിക്കണം. വീതി 10.8 സെന്റി മീറ്ററും. ബാറ്റിന്റെ ഡെപ്ത്, അതായത് ഉയര്‍ന്നിരിക്കുന്ന ഭാഗത്തിന്റെ കട്ടി 6.7 സെന്റിമീറ്ററില്‍ കൂടാൻ പാടില്ല.

ഭാരമേറിയ ബാറ്റാണോ ഉപയോഗിക്കുന്നതെന്ന് പരിശോധിക്കാൻ ഒരു അളവുകോലുമുണ്ട്. ഒരു മെറ്റല്‍ പ്ലേറ്റാണ് പൊതുവായി ഉപയോഗിക്കുന്നത്. പ്ലേറ്റിന്റെ നടുക്കായി ബാറ്റ് കടന്നുപോകുന്നതിനായി ബാറ്റിന്റെ ഷേപ്പില്‍ ദ്വാരവുമുണ്ട്. ഇത് ഓണ്‍ഫീല്‍ഡ് അമ്പയറുടെ കൈവശമുണ്ടായിരിക്കും. ഇതിലൂടെ ബാറ്റ് കടത്തിവിടും. കടക്കുകയാണെങ്കില്‍ മാത്രം ആ ബാറ്റ് ഉപയോഗിക്കാം, അല്ലാത്തപക്ഷം മറ്റൊരു ബാറ്റ് ഉപയോഗിക്കേണ്ടി വരും. 

റിയാൻ പരാഗും സുനില്‍ നരെയ്നും ആൻറിച്ച് നോര്‍ക്കെയുമൊക്കെ ഭാരമേറിയ ബാറ്റുമായി എത്തി പരിശോധനയില്‍ പരാജയപ്പെടുന്നത് സീസണില്‍ കണ്ടതാണ്. സീസണ്‍ ആരംഭിക്കുന്നതിന് മുൻപ് തന്നെ ഇത് നടപ്പിലാക്കാൻ ബിസിസിഐക്ക് ആലോചനയുണ്ടായിരുന്നെങ്കിലും അത് സാധ്യമായില്ല. ഏപ്രില്‍ 13 മുതലാണ് ടൂര്‍ണമെന്റില്‍ ബാറ്റ് പരിശോധന നിലവില്‍ വന്നത്. രാജസ്ഥാൻ റോയല്‍സ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തില്‍. 

പരിശോധന സംബന്ധിച്ച് ഔദ്യോഗികമായ പത്രക്കുറിപ്പിറക്കാനോ വിവരങ്ങള്‍ കൈമാറാനൊ ബിസിസിഐ തയാറായിട്ടില്ല ഇതുവരെ. വിശദീകരണം ഇനി ലഭിക്കാനുള്ള സാധ്യതയുമില്ലെന്നാണ് കരുതേണ്ടത്.

ഭാരമേറിയ ബാറ്റ് ഉപയോഗിക്കുന്നതിന് പിഴയോ മറ്റ് ശിക്ഷയോ ഐപിഎല്ലിലില്ല എന്നതാണ് ടീമുകള്‍ക്ക് ആശ്വാസം. ഇംഗ്ലണ്ടില്‍ അങ്ങനെയായിരുന്നില്ല. കാര്യങ്ങള്‍ അല്‍പ്പം കടുപ്പിക്കുന്ന നിലപാടായിരുന്നു ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിച്ചത്. കൗണ്ടി ചാമ്പ്യൻഷിപ്പില്‍ എസക്സിന്റെ താരം ഭാരമേറിയ ബാറ്റ് ഉപയോഗിച്ചതിന് 12 പോയിന്റുകളായിരുന്നു ടീമിന് നഷ്ടമായത്. 

ഇംഗ്ലണ്ടിലെ പരിശോധന ഐപിഎല്ലിലെ പോലെ എല്ലാ മത്സരങ്ങളിലുമില്ല. ഐപിഎല്ലില്‍ ഫീല്‍ഡിലെത്തുന്ന എല്ലാ ബാറ്റര്‍മാരുടെയും ബാറ്റുകള്‍ പരിശോധനയ്ക്ക് വിധേയമാക്കും. റണ്ണൊഴുകുന്ന ഐപിഎല്ലില്‍ ബൗളര്‍മാര്‍ക്ക് ആശ്വസിക്കാനുള്ള ചുരുക്കം ചില നിയമങ്ങളില്‍ ഒന്നായി മാറുകയാണ് ബാറ്റ് പരിശോധന.