നാലാം ഇന്നിംഗ്സില്‍ 231 റണ്‍സ് എന്ന വിജയലക്ഷ്യം ഹോം ഗ്രൗണ്ടില്‍ ഇന്ത്യക്ക് അത്ര ബാലികേറാമലയാണ് എന്ന് കരുതിയിരുന്നില്ല

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഒന്നര ദിവസത്തിലേറെയും 10 വിക്കറ്റും കയ്യിലുള്ളപ്പോള്‍ ടീം ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 231 റണ്‍സായിരുന്നു. ഇംഗ്ലണ്ട് 20 റണ്‍സ് കുറവാണ് നേടിയത് എന്ന് പല ആരാധകരും അപ്പോള്‍ വിധിയെഴുതി. എന്നാല്‍ പന്ത് സ്പിന്നര്‍മാരെ അകമഴിഞ്ഞ് സഹായിച്ച് തുടങ്ങിയിരുന്ന പിച്ച് പാരയായപ്പോള്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ 28 റണ്‍സ് അകലെ പൊരുതി വീണു. ലോകോത്തര സ്പിന്‍ നിര അല്ലാതിരുന്നിട്ടും ഇംഗ്ലണ്ട് ഹൈദരാബാദില്‍ ഇന്ത്യയെ 202 റണ്‍സില്‍ എറിഞ്ഞിട്ടപ്പോള്‍ നിര്‍ണായകമായത് രണ്ട് വിക്കറ്റുകളാണ്. 

നാലാം ഇന്നിംഗ്സില്‍ 231 എന്ന വിജയലക്ഷ്യം ഹോം ഗ്രൗണ്ടില്‍ ഇന്ത്യക്ക് അത്ര ബാലികേറാമലയാണ് എന്ന് കരുതിയിരുന്നില്ല. 74 ബോളില്‍ 80 റണ്‍സെടുത്ത ആദ്യ ഇന്നിംഗ്സിലെ പോലെ യശസ്വി ജയ്‌സ്വാള്‍ ആഞ്ഞടിക്കും എന്ന പ്രതീക്ഷ തുടക്കത്തിലെ പാളിയപ്പോള്‍ വണ്‍ഡൗണ്‍ പ്ലെയര്‍ ശുഭ്‌മാന്‍ ഗില്‍ വലിയ മണ്ടത്തരം കാട്ടി. ടോം ഹാര്‍ട്‌ലി എറിഞ്ഞ ഇന്ത്യന്‍ ഇന്നിംഗ്സിലെ 12-ാം ഓവറിലെ നാലാം പന്തില്‍ ഓലീ പോപ് പിടിച്ചായിരുന്നു ജയ്സ്വാളിന്‍റെ മടക്കം. ഹാര്‍ട്‌ലിയുടെ ഇതേ ഓവറില്‍ ഒരു പന്തിന്‍റെ മാത്രം ഇടവേളയില്‍ ഗില്‍ സമാന രീതിയില്‍ പോപിന്‍റെ ക്യാച്ചില്‍ ഡക്കായി. ഇന്ത്യന്‍ ബാറ്റിംഗ് നിരയെ സമ്മര്‍ദത്തിലേക്ക് തള്ളിവിട്ടത് അശ്രദ്ധയില്‍ പൊലിഞ്ഞ ഗില്ലിന്‍റെ ഈ വിക്കറ്റായിരുന്നു. 

ആദ്യ ഇന്നിംഗ്സില്‍ പൊരുതി 87 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുടെ പുറത്താകലാണ് ഇന്ത്യക്ക് അവസാന ഇന്നിംഗ്സില്‍ തിരിച്ചടിയായ മറ്റൊരു ഘടകം. പ്രതിരോധിച്ച് കളിക്കുകയായിരുന്ന ജഡേജയെ അവിശ്വസനീയമായ ത്രോയില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് റണ്ണൗട്ടാക്കുകയായിരുന്നു. 20 പന്തില്‍ 2 റണ്‍സ് മാത്രമെടുത്ത് ജഡേജ ആറാം വിക്കറ്റായി മടങ്ങി. 28 റണ്‍സ് വീതമെടുത്ത ശ്രീകര്‍ ഭരതും രവിചന്ദ്ര അശ്വിനും പിന്നീട് ഇന്ത്യയുടെ തോല്‍വി ഭാരം കുറയ്ക്കുകയായിരുന്നു. ഏഴ് വിക്കറ്റുമായി സ്പിന്നര്‍ ടോം ഹാര്‍ട്‌ലി ബൗളിംഗില്‍ ഇംഗ്ലണ്ടിന്‍റെ സ്റ്റാറായപ്പോള്‍ ജാക്ക് ലീച്ചും ജോ റൂട്ടും ഓരോ ഇന്ത്യൻ ബാറ്റര്‍മാരെ പുറത്താക്കി.

Read more: മികച്ച ലീഡ് എടുത്തിട്ടും തോല്‍വി, ചരിത്രത്തിലാദ്യം; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നാണക്കേടിന്‍റെ റെക്കോര്‍ഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം