ഇംഗ്ലണ്ടിനായി ഓപ്പണിംഗ് വിക്കറ്റില്‍ ഫിലിപ് സാള്‍ട്ടും ജോസ് ബട്‌ലറും ചേര്‍ന്ന് 9.5 ഓവറില്‍ 117 റണ്‍സ് അടിച്ചുകൂട്ടി

ട്രിനിഡാഡ്: റണ്‍ഫെസ്റ്റായി മാറിയ നാലാം ട്വന്‍റി 20യില്‍ വെസ്റ്റ് ഇന്‍ഡീസിനെ 75 റണ്‍സിന് മലര്‍ത്തിയടിച്ച് ഇംഗ്ലണ്ട്. ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ 267-3 എന്ന പടുകൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ ആന്ദ്രേ റസല്‍ വെടിക്കെട്ടിനിടയിലും വിന്‍ഡീസ് 15.3 ഓവറില്‍ 192 റണ്‍സില്‍ ഓള്‍ഔട്ടായി. 57 പന്തില്‍ 119 റണ്‍സെടുത്ത ഓപ്പണര്‍ ഫിലിപ് സാള്‍ട്ട് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നേടിയ സെഞ്ചുറിയുടെ കരുത്തിലാണ് ഇംഗ്ലണ്ടിന്‍റെ വമ്പന്‍ ജയം. സാള്‍ട്ട് കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. മിന്നും ജയത്തോടെ പരമ്പരയില്‍ ഒരു മത്സരം അവശേഷിക്കേ ഇംഗ്ലണ്ട് 2-2ന് ഒപ്പമെത്തി. അഞ്ചാം ട്വന്‍റി 20 ഡിസംബര്‍ 21ന് ട്രിനിഡാഡില്‍ തന്നെ നടക്കും. 

ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് തുടക്കം മുതല്‍ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുക്കുന്നതാണ് ആരാധകര്‍ കണ്ടത്. ഓപ്പണിംഗ് വിക്കറ്റില്‍ ഫിലിപ് സാള്‍ട്ടും ജോസ് ബട്‌ലറും ചേര്‍ന്ന് 9.5 ഓവറില്‍ 117 റണ്‍സ് അടിച്ചുകൂട്ടി. 29 പന്തില്‍ 6 ഫോറും 3 സിക്‌സറും ഉള്‍പ്പടെ 55 റണ്‍സെടുത്ത ബട്‌ലര്‍ ആണ് ആദ്യം പുറത്തായത്. അടി തുടര്‍ന്ന് രണ്ടാം രാജ്യാന്തര ടി20 ശതകം കണ്ടെത്തിയ ഫിലിപ് സാള്‍ട്ട് 57 ബോളില്‍ 7 ഫോറും 10 സിക്‌സും ഉള്‍പ്പടെ 119 എടുത്തു. വില്‍ ജാക്‌സ് 9 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സും സഹിതം 24 ഉം ലയാം ലിവിംഗ്സ്റ്റണ്‍ 21 പന്തില്‍ നാല് വീതം ഫോറും സിക്‌സുമായി പുറത്താവാതെ 54* ഉം റണ്‍സെടുത്ത് വെടിക്കെട്ട് തുടര്‍ന്നതോടെ ഇംഗ്ലണ്ട് അനായാസം 250 പിന്നിട്ടു. ലിവിംഗ്സ്റ്റണിനൊപ്പം ഹാരി ബ്രൂക്ക് (4 പന്തില്‍ 6) പുറത്താവാതെ നിന്നു. വിന്‍ഡീസ് ബൗളര്‍മാരില്‍ അക്കീല്‍ ഹൊസൈനും ജേസന്‍ ഹോള്‍ഡറും ആന്ദ്രേ റസലും ഓരോ വിക്കറ്റ് സ്വന്തമാക്കി. 

മറുപടി ബാറ്റിംഗില്‍ ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ ബ്രാണ്ടന്‍ കിംഗിനെ ഗോള്‍ഡന്‍ ഡക്കായി നഷ്ടമായാണ് വിന്‍ഡീസ് തുടങ്ങിയത്. കെയ്‌ല്‍ മെയേഴ്‌സ് (5 പന്തില്‍ 12), നിക്കോളാസ് പുരാന്‍ (15 പന്തില്‍ 39), ഷായ് ഹോപ് (8 പന്തില്‍ 16), റോവ്‌മാന്‍ പവല്‍ (6 പന്തില്‍ 4), ജേസന്‍ ഹോള്‍ഡര്‍ (0) എന്നിങ്ങനെയായിരുന്നു പിന്നീട് വന്നവരുടെ സ്കോര്‍. ഷെര്‍ഫേന്‍ റത്തര്‍ഫോര്‍ഡ് 15 പന്തില്‍ 36 റണ്‍സുമായി മടങ്ങിയപ്പോള്‍ പിന്നീട് എല്ലാ ചുമതലയും ആന്ദ്രേ റസലിന്‍റെ മേലായി. അക്കീല്‍ ഹൊസൈന്‍ (11 പന്തില്‍ 15), മാത്യൂ ഫോര്‍ഡ് (5 പന്തില്‍ 3), ഗുണ്ടകേഷ് മോട്ടീ (0*) എന്നിങ്ങനെയായിരുന്നു വാലറ്റത്തിന്‍റെ സ്കോര്‍ എങ്കില്‍ ഇന്നിംഗ്‌സിലെ 16-ാം ഓവറിലെ നാലാം പന്തില്‍ റസല്‍ പത്താമനായി മടങ്ങി. റസല്‍ 25 ബോളില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സും സഹിതം 51 എടുത്തു. ഇംഗ്ലണ്ടിനായി റീസ് ടോപ്‌ലി മൂന്നും സാം കറനും റെഹാന്‍ അഹമ്മദും രണ്ട് വീതവും മൊയീന്‍ അലിയും ക്രിസ് വോക്‌സും ആദില്‍ റഷീദും ഓരോ വിക്കറ്റും നേടി. 

Read more: പരിക്കേറ്റ നെയ്‌മ‍ര്‍ പുറത്ത്; കോപ്പ അമേരിക്ക നഷ്ടമാകും എന്ന് സ്ഥിരീകരണം, ബ്രസീലിന് നിരാശ വാര്‍ത്ത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം