പരമ്പര ജേതാക്കളെ നിശ്ചയിക്കുന്ന അഞ്ചാം ട്വന്‍റി 20യില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ വിന്‍ഡീസ് ബൗളര്‍മാര്‍ 19.3 ഓവറില്‍ 132 റണ്‍സില്‍ പിടിച്ചുകെട്ടിയിരുന്നു
ട്രിനിഡാഡ്: ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ട്വന്‍റി 20 സീരിസും സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്‍റെ രാജകീയ മടങ്ങിവരവ്. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയം വേദിയായ അഞ്ചാം ടി20യില്‍ നാല് വിക്കറ്റിന്‍റെ ജയവുമായാണ് പരമ്പര 3-2ന് വിന്‍ഡീസിന്‍റെ ഷോക്കേസിലെത്തിയത്. ഇംഗ്ലണ്ടിന്‍റെ 132 റണ്‍സ് നാല് പന്ത് അവശേഷിക്കേ വെസ്റ്റ് ഇന്‍ഡീസ് മറികടക്കുകയായിരുന്നു. സ്കോര്‍: ഇംഗ്ലണ്ട്- 132 (19.3), വെസ്റ്റ് ഇന്‍ഡീസ്- 133/6 (19.2).
പരമ്പര ജേതാക്കളെ നിശ്ചയിക്കുന്ന അഞ്ചാം ട്വന്‍റി 20യില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ വിന്‍ഡീസ് ബൗളര്‍മാര്‍ 19.3 ഓവറില്‍ 132 റണ്‍സില്‍ പിടിച്ചുകെട്ടി. ഫിലിപ് സാള്‍ട്ട് (22 പന്തില്‍ 38), ലയാം ലിവിംഗ്സ്റ്റണ്‍ (29 പന്തില്‍ 28), മൊയീന്‍ അലി (21 പന്തില്‍ 23), സാം കറന്‍ (12 പന്തില്‍ 12), ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ (11 പന്തില്‍ 11) എന്നിങ്ങനെയാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കണ്ടവരുടെ സ്കോറുകള്‍. വിന്‍ഡീസിനായി ഗുണ്ടകേഷ് മോട്ടി മൂന്നും ആന്ദ്രേ റസലും അക്കീല്‍ ഹൊസൈനും ജേസന്‍ ഹോള്‍ഡറും രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് ഓപ്പണര്‍ ബ്രാണ്ടന്‍ കിംഗിനെ മൂന്ന് റണ്‍സെടുത്ത് നില്‍ക്കേ നഷ്ടമായിരുന്നു. ജോണ്‍സണ്‍ ചാള്‍സ് (22 പന്തില്‍ 27), നിക്കോളാസ് പുരാന്‍ (6 പന്തില്‍ 10), റോവ്‌മാന്‍ പവല്‍ (6 പന്തില്‍ 8), ആന്ദ്രേ റസല്‍ (8 പന്തില്‍ 3) എന്നിവര്‍ തിളങ്ങിയില്ലെങ്കിലും 24 പന്തില്‍ 30 എടുത്ത ഷെര്‍ഫേന്‍ റത്തര്‍ഫോര്‍ഡും 43 പന്തില്‍ പുറത്താവാതെ 43* റണ്‍സുമായി ഷായ് ഹോപും ജയം 19.2 ഓവറില്‍ വിന്‍ഡീസിന്‍റെതാക്കി മാറ്റി. ഇംഗ്ലണ്ടിനെ റീസ് ടോപ്‌ലിയുടെയും ആദില്‍ റഷീദിന്‍റേയും രണ്ട് വീതവും ക്രിസ് വോക്‌സ്, സാം കറന്‍ എന്നിവരുടെ ഓരോ വിക്കറ്റും തുണച്ചില്ല.
ജയത്തോടെ വെസ്റ്റ് ഇന്‍ഡീസ് അഞ്ച് മത്സരങ്ങളുടെ ട്വന്‍റി 20 പരമ്പര 3-2ന് സ്വന്തമാക്കി. ആദ്യ രണ്ട് മത്സരങ്ങള്‍ വിന്‍ഡീസ് ജയിച്ചപ്പോള്‍ മൂന്നും നാലും ടി20കള്‍ സ്വന്തമാക്കി ഇംഗ്ലണ്ട് സമനില പിടിച്ചിരുന്നു. എന്നാല്‍ പരമ്പരയിലെ അഞ്ചാം മത്സരവും സ്വന്തമാക്കി വിന്‍ഡീസ് തിരിച്ചടിച്ചു. നേരത്തെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-1നും വിന്‍ഡീസ് സ്വന്തമാക്കിയിരുന്നു.
Read more: ഒടുവില്‍ സുനില്‍ ഗവാസ്‌കര്‍ സമ്മതിച്ചു, സഞ്ജു സാംസണ്‍ വേറെ ലെവല്‍; എന്നിട്ടും ഒരു ഉപദേശം!
