കെയ്‌ല്‍ മെയേര്‍സിനെ ഇന്ത്യന്‍ ഇന്നിംഗ്‌സിലെ അവസാന ഓവറിലെ നാലാം പന്തില്‍ സിക്‌സ് പറത്തിയായിരുന്നു അക്‌സര്‍ ടീമിനെ ജയിപ്പിച്ചത്

പോര്‍ട്ട് ഓഫ്‌ സ്‌പെയിന്‍: എം എസ് ധോണി, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, ഡികെ... ഇന്ത്യന്‍ ക്രിക്കറ്റിലെ സ്റ്റാര്‍ ഫിനിഷര്‍മാരുടെ പട്ടികയിലേക്ക് ഒരാള്‍ കൂടി ഇടംപിടിച്ചിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ഏകദിനത്തില്‍(WI vs IND 2nd ODI) തോറ്റെന്ന് ഉറപ്പിച്ചിടത്തുനിന്ന് തീപ്പൊരി അര്‍ധ സെഞ്ചുറിയും സിക്‌സര്‍ ഫിനിഷിംഗുമായി താരമാവുകയായിരുന്നു സ്‌പിന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍(Axar Patel). ഓവര്‍റേറ്റഡ് പ്ലേയര്‍ എന്ന് പലകുറി വിമര്‍ശനം കേട്ട താരമാണ് വിമര്‍ശകരുടെ വായടപ്പിച്ച് വെടിച്ചില്ല് ഫിനിഷിംഗുമായി ഇന്ത്യക്ക് ജയവും പരമ്പരയും സമ്മാനിച്ചത്. 

രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസ് മുന്നോട്ടുവെച്ച 312 റണ്‍സ് വിജയലക്ഷ്യം പിന്തുടരവേ സ‍ഞ്ജു സാംസണും ദീപക് ഹൂഡയും അടക്കമുള്ള വമ്പന്‍മാരെല്ലാം പുറത്തായി 44.1 ഓവറില്‍ ആറ് വിക്കറ്റിന് 256 റണ്‍സെന്ന നിലയില്‍ തോല്‍വി മണക്കുകയായിരുന്നു ഇന്ത്യ. എന്നാല്‍ അവിടെ നിന്ന് ഇന്ത്യന്‍ ഇന്നിംഗ്‌സിന് ഐതിഹാസിക തിരിച്ചുവരവ് സമ്മാനിച്ചു അക്‌സര്‍ പട്ടേല്‍. 35 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പടെ പുറത്താകാതെ 64 റണ്‍സുമായി രണ്ട് ബോള്‍ ബാക്കിനില്‍ക്കേ അക്‌സര്‍ ഇന്ത്യയെ ജയിപ്പിച്ചു. ധോണി സ്റ്റൈലില്‍ കെയ്‌ല്‍ മെയേര്‍സിനെ ഇന്ത്യന്‍ ഇന്നിംഗ്‌സിലെ അവസാന ഓവറിലെ നാലാം പന്തില്‍ സിക്‌സ് പറത്തിയായിരുന്നു അക്‌സര്‍ ടീമിനെ ജയിപ്പിച്ചത്. കാണാം അക്‌സര്‍ പട്ടേലിന്‍റെ സിക്‌സര്‍ ഫിനിഷിംഗ്. 

Scroll to load tweet…

മത്സരത്തില്‍ ശ്രേയസ് അയ്യരുടെയും സഞ്ജു സാംസണിന്‍റേയും അര്‍ധ സെഞ്ചുറികള്‍ക്ക് പിന്നാലെ വെടിക്കെട്ട് ഫിനിഷിംഗുമായി അക്‌സര്‍ പട്ടേല്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു. എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ രണ്ട് പന്തുകള്‍ മാത്രം ബാക്കിനില്‍ക്കേയായിരുന്നു ഇന്ത്യന്‍ ജയം. ഇതോടെ ഒരു മത്സരം ബാക്കിനില്‍ക്കേ മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ഷായ് ഹോപ്(135 പന്തില്‍ 115), നായകന്‍ നിക്കോളാസ് പുരാന്‍(77 പന്തില്‍ 74) എന്നിവരുടെ മികവില്‍ 50 ഓവറില്‍ ആറ് വിക്കറ്റിന് 311 റണ്‍സെടുത്തു. കെയ്‌ല്‍ മയേര്‍സ് 39 ഉം ഷമാര്‍ ബ്രൂക്ക്‌സ് 35 ഉം റണ്‍സെടുത്തു. ഇന്ത്യക്കായി ഷര്‍ദുല്‍ ഠാക്കൂര്‍ മൂന്നും ഹൂഡയും അക്‌സറും ചഹാലും ഓരോ വിക്കറ്റും നേടി. 

മറുപടി ബാറ്റിംഗില്‍ നായകന്‍ ശിഖര്‍ ധവാന്‍ 13ല്‍ പുറത്തായെങ്കിലും ശുഭ്‌മാന്‍ ഗില്ലിന്‍റെ 43 ഉം ശ്രേയസ് അയ്യരുടെ 63 ഉം ഇന്ത്യയെ കരകയറ്റി. പിന്നാലെ കന്നി ഏകദിന അര്‍ധ സെഞ്ചുറി കണ്ടെത്തിയ സഞ്ജു സാംസണ്‍ റണ്ണൗട്ടിലൂടെ നിര്‍ഭാഗ്യവാനായി മടങ്ങിയത് ആരാധകരെ നിരാശരാക്കി. ദീപക് ഹൂഡയ്‌ക്ക് 33 റണ്‍സേ നേടാനായുള്ളൂ. സഞ്ജുവും ഹൂഡയും പുറത്തായ ശേഷം 35 പന്തില്‍ മൂന്ന് ഫോറും 5 സിക്‌സും സഹിതം പുറത്താകാതെ 64 റണ്‍സുമായി അക്‌സര്‍ പട്ടേല്‍ ഇന്ത്യക്ക് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു. മറുവശത്ത് ഷര്‍ദുല്‍ ഠാക്കൂര്‍(3), ആവേശ് ഖാന്‍(10) എന്നിവര്‍ പുറത്തായതൊന്നും അക്‌സറിന്‍റെ ഫിനിഷിംഗിനെ തെല്ല് ബാധിച്ചില്ല. ഇതോടെ മത്സരത്തിലെ താരമായി അക്‌സര്‍ തെരഞ്ഞെടുക്കപ്പെട്ടു. 

'ഇതൊരു തുടക്കം മാത്രം, വരാനിരിക്കുന്നു ഇനിയുമേറെ'; ഫിഫ്റ്റിയില്‍ സഞ്ജുവിനെ അഭിനന്ദിച്ച് ഇയാന്‍ ബിഷപ്പ്