നിലവിലെ വിക്കറ്റിന്‍റെ സ്വഭാവം വച്ച് ആര്‍ അശ്വിന്‍ വെസ്റ്റ് ഇന്‍ഡീസിനെ തരിപ്പിണമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്
ട്രിനിഡാഡ്: പോര്‍ട്ട് ഓഫ് സ്‌പെയിനിലെ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക് നീങ്ങുകയാണ്. അവസാന ദിനമായ ഇന്ന് എട്ട് വിക്കറ്റ് കയ്യിലിരിക്കേ വിന്‍ഡീസിന് ജയിക്കാന്‍ 289 റണ്‍സ് കൂടി വേണം. ഈ സ്കോര്‍ നേടാന്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അനുവദിക്കില്ല എന്ന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജ്. സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ വിന്‍ഡീസിനെ തകര്‍ത്ത് തരിപ്പിണമാക്കും എന്നാണ് സിറാജിന്‍റെ പ്രവചനം. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യക്ക് ട്രിനിഡാഡിലും വിജയിച്ചാല്‍ പരമ്പര 2-0ന് തൂത്തുവാരാം.
'നിലവിലെ വിക്കറ്റിന്‍റെ സ്വഭാവം വച്ച് ആര്‍ അശ്വിന്‍ വെസ്റ്റ് ഇന്‍ഡീസിനെ തരിപ്പിണമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പന്ത് ടേണ്‍ ചെയ്യുന്നുണ്ട്. ഫ്ലാറ്റ് വിക്കറ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുക പ്രയാസമാണ് എന്നതിനാല്‍ തന്‍റെ അഞ്ച് വിക്കറ്റ് നേട്ടത്തിന് വളരെ മികച്ച റേറ്റിംഗ് നല്‍കുന്നു. പന്ത് റിവേഴ്‌സ് സ്വിങ് ചെയ്യാന്‍ തുടങ്ങിയതും എനിക്ക് ചില പദ്ധതികളുണ്ടായിരുന്നു. ഞാന്‍ എന്‍റെ ലൈനും ലെങ്‌തും കൃത്യമായി ഉപയോഗിച്ചു. എന്‍റെ പദ്ധതി വളരെ ലളിതമായിരുന്നു. പന്ത് കാര്യമായ പിന്തുണ നല്‍കാതിരുന്നതോടെ സ്റ്റംപ് ടു സ്റ്റംപ് ആണ് എറിഞ്ഞിരുന്നത്, നല്ല വേഗവും കണ്ടെത്തി' എന്നും സിറാജ് നാലാം ദിനത്തെ മത്സര ശേഷം വ്യക്തമാക്കി.
ഒരു ദിനവും എട്ട് വിക്കറ്റും കയ്യിലിരിക്കെ വിന്‍ഡീസിന് ജയിക്കാന്‍ 289 റണ്‍സ് വേണം. ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍(24), ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ്(20) എന്നിവരാണ് ക്രീസില്‍. ക്യാപ്റ്റന്‍ ക്രൈഗ് ബ്രാത്ത്‌വെയ്റ്റ്(52 പന്തില്‍ 28), കിര്‍ക് മക്കെന്‍സീ(4 പന്തില്‍ 0) എന്നിവരാണ് പുറത്തായ വിന്‍ഡീസ് ബാറ്റര്‍മാര്‍. രണ്ടാം ഇന്നിംഗ്‌സില്‍ വിന്‍ഡീസിന് നഷ്ടമായ രണ്ട് വിക്കറ്റുകളും നേടിയത് ആര്‍ അശ്വിനാണ് എന്നത് മുഹമ്മദ് സിറാജിന്‍റെ പ്രവചനം ശരിയാകും എന്ന് സൂചിപ്പിക്കുന്നു. ആദ്യ ഇന്നിംഗ്സില്‍ 438ന് പുറത്തായ ഇന്ത്യ ആതിഥേയരെ 255ന് മടക്കിയപ്പോള്‍ മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇതോടെ ആദ്യ ഇന്നിംഗ്‌സില്‍ 183 റണ്‍സ് ലീഡെടുത്ത ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 181-2 എന്ന നിലയില്‍ ഡിക്ലെയര്‍ ചെയ്‌ത് ആകെ 364 റണ്‍സിന്‍റെ ലീഡ് സ്വന്തമാക്കുകയായിരുന്നു.
Read more: ഇന്ത്യയോ, വിന്‍ഡീസോ? ആര്‍ക്കും ജയിക്കാം! ട്രിനിഡാഡ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
