ഓപ്പണിംഗില്‍ യശസ്വി ജയ്സ്വാള്‍-ശുഭ്മാന്‍ ഗില്‍ സഖ്യം തന്നെ തുടരും. നാലാം മത്സരത്തില്‍ ജയത്തിനടുത്ത് ഗില്‍ പുറത്തായപ്പോള്‍ വണ്‍ ഡൗണായി തിലക് വര്‍മയാണ് ക്രീസിലെത്തിയത്.
ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇന്ന് ഫ്ലോറിഡയിലെ ലൗഡര്‍ഹില്‍സില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം തുടങ്ങുക. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും കോച്ച് രാഹുല്‍ ദ്രാവിഡും നാലാം ടി20 ജയിച്ച ടീമില്‍ മാറ്റം വരുത്തുമോ അതോ വിജയിച്ച ടീമുമായി വീണ്ടും ഇറങ്ങുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഓപ്പണിംഗില്‍ യശസ്വി ജയ്സ്വാള്‍-ശുഭ്മാന്‍ ഗില്‍ സഖ്യം തന്നെ തുടരും. നാലാം മത്സരത്തില്‍ ജയത്തിനടുത്ത് ഗില്‍ പുറത്തായപ്പോള്‍ വണ്‍ ഡൗണായി തിലക് വര്‍മയാണ് ക്രീസിലെത്തിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മലയാളി താരം സഞ്ജു സാംസണെ ആറാം നമ്പറിലാണ് ലൈനപ്പിലിട്ടിരുന്നത്. രണ്ട് കളികളിലും സഞ്ജുവിന് ബാറ്റിംഗിന് അവസരം ലഭിച്ചതുമില്ല. മൂന്നാം മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ക്രീസിലെത്തിയത്. തിലക് വര്‍മക്ക് അര്‍ധസെഞ്ചുറിക്ക് അവസരം നിഷേധിച്ച് ഹാര്‍ദ്ദിക് സിക്സ് അടിച്ച് കളി ജയിപ്പിച്ചതിനെതിരെ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.
ഓപ്പണര്‍ സ്ഥാനത്ത് യശസ്വി തുടരുമെന്നതിനാല്‍ ഇന്ന് പ്ലേയിംഗ് ഇലവനില്‍ സഞ്ജു തന്നെയാകും എത്തുക. എന്നാല്‍ ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങാന്‍ കഴിയുമോ എന്നത് സാഹചര്യങ്ങളെ അനുസരിച്ചായിരിക്കു തീരുമാനിക്കു. ലൗഡര്‍ഹില്‍സിലെ ബാറ്റിംഗ് വിക്കറ്റില്‍ ഗില്ലും യശസ്വിയും സൂര്യകുമാറും തിലക് വര്‍മയും ഹാര്‍ദ്ദിക് പാണ്ഡ്യയും കഴിഞ്ഞ് സഞ്ജുവിന് ബാറ്റിംഗിന് അവസരം കിട്ടുക എന്നത് വെല്ലുവിളിയാണ്.
സ്പിന്നര്‍മാരായി അക്സര്‍ പട്ടേലും കുല്‍ദീപ് യാദവും തുടരുമ്പോള്‍ യുസ്‌വേന്ദ്ര ചാഹലിന് പകരം രവി ബിഷ്ണോയിക്ക് ഇന്ന് മൂന്നാം സ്പിന്നറായി അവസരം ലഭിച്ചേക്കും. പേസര്‍മാരായി മുകേഷ് കുമാറും അര്‍ഷ്ദീപ് സിംഗും തന്നെ സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത.
വിന്‍ഡീസിനെതിരായ അഞ്ചാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സഞ്ജു സാംസൺ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, രവി ബിഷ്ണോയി, മുകേഷ് കുമാർ.
