ഇന്നലെ വെസ്റ്റ് ഇന്‍ഡീസിന് എതിരായ നാലാം ടി20യില്‍ സഞ്ജു മോശമല്ലാത്ത പ്രകടനം പുറത്തെടുത്തിരുന്നു

ഫ്ലോറിഡ: ഏഷ്യാ കപ്പ് ക്രിക്കറ്റ്(Asia Cup 2022) ടൂര്‍ണമെന്‍റിനുള്ള ടീം പ്രഖ്യാപനത്തിന് മുമ്പ് ഇന്ത്യയുടെ(Indian National Cricket Team) അവസാന ടി20 മത്സരമാണ് ഇന്ന് വെസ്റ്റ് ഇന്‍ഡീസിന് എതിരായ അഞ്ചാം ടി20(WI vs IND 5th T20I). തിങ്കളാഴ്‌ച ടീമിനെ പ്രഖ്യാപിക്കാനിരിക്കേ ഇന്നത്തെ മത്സരത്തില്‍ കണ്ണുകളെല്ലാം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിലാണ്(Sanju Samson). നാലാം ടി20യില്‍ ഇന്നലെ മോശമല്ലാത്ത പ്രകടനം പുറത്തെടുത്ത സഞ്ജു ഇന്ന് തിളങ്ങിയാല്‍ സെലക്‌ടര്‍മാര്‍ക്ക് താരത്തെ അവഗണിക്കാനാവില്ല. 

ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ശ്രദ്ധേയമായ ഒരു കാര്യം രണ്ട് തിരിച്ചുവരവുകളായിരിക്കും. പരിക്കിന്‍റെയും കൊവിഡിന്‍റേയും നീണ്ട ഇടവേള കെ എല്‍ രാഹുല്‍ മടങ്ങിവരുമ്പോള്‍ ഫോമില്ലായ്‌മയും തുടര്‍ന്നുള്ള വിശ്രമവും കഴിഞ്ഞ് മടങ്ങിയെത്താന്‍ തയ്യാറെടുക്കുകയാണ് മുന്‍ നായകന്‍ വിരാട് കോലി. ഇവര്‍ക്കൊപ്പം നായകന്‍ രോഹിത് ശര്‍മ്മ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചഹല്‍, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വർ കുമാര്‍ എന്നിവരും ടീമിലുറപ്പ്. 17 അംഗ സ്‌ക്വാഡിലേക്ക് അവശേഷിക്കുന്ന സ്ഥാനങ്ങളില്‍ ആരൊക്കെ ഇടംപിടിക്കും? സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരിലൊരാളെ പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഈ വര്‍ഷത്തെ ഫോം പരിഗണിച്ചാല്‍ ഇഷാനേക്കാള്‍ മുന്‍തൂക്കം സഞ്ജുവിനുണ്ട്. വിന്‍ഡീസ്-ഇന്ത്യ അഞ്ചാം ടി20യിലെ പ്രകടനം താരത്തിന് നിര്‍ണായകമാകും. 

ഗംഭീര ഇന്നിംഗ്‌സ് പ്രതീക്ഷിച്ച് ആരാധകര്‍ 

ഇന്നലെ വെസ്റ്റ് ഇന്‍ഡീസിന് എതിരായ നാലാം ടി20യില്‍ സഞ്ജു മോശമല്ലാത്ത പ്രകടനം പുറത്തെടുത്തിരുന്നു. അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു 23 പന്തില്‍ പുറത്താകാതെ 30 റണ്‍സ് നേടി. രണ്ട് ഫോറും ഒരു സിക്‌സും താരം സ്വന്തമാക്കി. ഫീല്‍ഡിംഗില്‍ ജേസന്‍ ഹോള്‍ഡറുടെ ക്യാച്ചും നിക്കോളാസ് പുരാന്‍റെ തകര്‍പ്പന്‍ റണ്ണൗട്ടുമായും സഞ്ജു തിളങ്ങി. ഇന്ന് വിന്‍ഡീസിനെതിരായ അഞ്ചാം ടി20യില്‍ സഞ്ജു കളിക്കുമെന്നുറപ്പാണ്. ഇനി പ്രകടനത്തില്‍ മാത്രമാണ് കണ്ണുകളെല്ലാം. 

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനം സഞ്ജു സാംസണ്‍ പുറത്തെടുത്തിരുന്നു. 17 മത്സരങ്ങളില്‍ 146.79 സ്‌ട്രൈക്ക് റേറ്റിലും 28.63 ശരാശരിയിലും 458 റണ്‍സ് നേടി. രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിക്കുകയും ചെയ്തു. ടി20 കരിയറില്‍ 14 ഇന്നിംഗ്‌സുകളില്‍ 21.62 ശരാശരിയിലും 135.1 സ്‌ട്രൈക്ക് റേറ്റിലും 281 റണ്‍സാണ് സഞ്ജുവിനുള്ളത്. ഈ വര്‍ഷം ശക്തമായി തിരിച്ചുവരവാണ് സഞ്ജു നടത്തിയിരിക്കുന്നത്. 2022ല്‍ അഞ്ച് ടി20 മത്സരങ്ങള്‍ കളിച്ചപ്പോള്‍ സഞ്ജു നാല് ഇന്നിംഗ്‌സില്‍ 164 റണ്‍സ് നേടി. ഉയര്‍ന്ന സ്‌കോര്‍ 77 എങ്കില്‍ 54.66 ബാറ്റിംഗ് ശരാശരിയും 160.78 സ്‌ട്രൈക്ക് റേറ്റുമുണ്ട് ഫോര്‍മാറ്റില്‍. ഐപിഎല്‍ കരിയറില്‍ 138 മത്സരങ്ങളില്‍ മൂന്ന് സെഞ്ചുറികളോടെ 3526 റണ്‍സ് സഞ‌്ജുവിന് സ്വന്തം. ശരാശരി 29.14 എങ്കില്‍ സ്‌ട്രൈക്ക് റേറ്റ് 135.72.