രണ്ട് വിക്കറ്റ് വീതം നേടിയ യുസ്‌വേന്ദ്ര ചാഹല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയിരുന്നു

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ഏകദിനത്തിലെ(WI vs IND 1st ODI) അവസാന ഓവര്‍ ജയത്തില്‍ ഇന്ത്യക്ക് നിര്‍ണായകമായ താരങ്ങളിലൊരാള്‍ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലാണ്(Yuzvendra Chahal). കൂറ്റനടിക്കാരനായ ബ്രണ്ടന്‍ കിംഗിനെ(Brandon King) 45-ാം ഓവറില്‍ ചാഹല്‍ മടക്കിയത് മത്സരത്തിലെ വഴിത്തിരിവുകളിലൊന്നായിരുന്നു. മത്സരത്തില്‍ 10 ഓവര്‍ എറിഞ്ഞ് 58 റണ്ണിന് രണ്ട് വിക്കറ്റ് നേടിയ ചാഹല്‍ തന്‍റെ വിജയത്തിന്‍റെ ക്രഡിറ്റെല്ലാം മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനാണ്(Rahul Dravid) നല്‍കുന്നത്. 

'പരിശീലകന്‍ എപ്പോഴും എന്നെ പിന്തുണയ്‌ക്കുന്നുണ്ട്. യുസി, നീ നിന്‍റെ കഴിവിലേക്ക് തിരിച്ചെത്തിയാല്‍ മാത്രം മതി, ഞങ്ങള്‍ നിന്നെ വിശ്വസിക്കുന്നു. പരിശീലകരും മാനേജ്‌മെന്‍റും ഏറെ ആത്മവിശ്വാസം നല്‍കുമ്പോള്‍ നമ്മള്‍ മികച്ച പ്രകടനത്തിന് തയ്യാറാകും. ഞാനെപ്പോഴും എന്‍റെ കഴിവില്‍ വിശ്വസിക്കുന്നു. പന്ത് പഴകുന്നതിന് അനുസരിച്ച് തിരിയുമെന്നും ബാറ്റര്‍മാരെ കീഴ്‌പ്പെടുത്തുമെന്ന് എനിക്കറിയാം. അതിനാല്‍ ഞാനെന്‍റെ ലൈന്‍ മാറ്റിക്കൊണ്ടിരുന്നു. ലെഗ് സൈഡ് ബൗണ്ടറി അല്‍പം ചെറുതായതിനാല്‍ ഓഫ് സൈഡിലാണ് എറിഞ്ഞത്. എന്നെ കവറിന് മുകളിലൂടെ അടിച്ചകറ്റിയാല്‍ അതാകും ഉചിതം എന്ന് കരുതി. 16, 17, 18 ഓവറുകളൊക്കെ ഐപിഎല്ലില്‍ എറിയുന്നതില്‍ നിന്നാണ് ആത്മവിശ്വാസം ലഭിച്ചത്. 40-ാം ഓവറിന് ശേഷം രണ്ടോ മൂന്നോ ഓവറുകള്‍ എറിയാമെന്ന് പറഞ്ഞിരുന്നു. അതിനാല്‍ ബൗളിംഗ് പരിശീലകനൊപ്പം പദ്ധതികള്‍ തയ്യാറാക്കിയിരുന്നതായും' ചാഹല്‍ പറഞ്ഞു. അവസാന ഓവറുകളിലെ ചാഹല്‍-സിറാജ് മികവും സഞ്ജു സാംസണിന്‍റെ മിന്നും സേവുമാണ് ഇന്ത്യക്ക് ത്രില്ലിംഗ് ജയമൊരുക്കിയത്. 

പരമ്പരയില്‍ ഇന്ത്യ മുന്നില്‍ 

ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ മൂന്ന് റണ്‍സിന്‍റെ ജയം സ്വന്തമാക്കുകയായിരുന്നു. രണ്ട് വിക്കറ്റ് വീതം നേടിയ യുസ്‌വേന്ദ്ര ചാഹല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങി. 75 റണ്‍സ് നേടിയ കെയ്ല്‍ മയേര്‍സാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ബ്രന്‍ഡണ്‍ കിംഗ്(54), ഷംറ ബ്രൂക്സ്(46), റൊമാരിയോ ഷെഫേര്‍ഡ് (39), അകെയ്ല്‍ ഹൊസീന്‍ (32) എന്നിവരാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. 

നേരത്തെ ശിഖര്‍ ധവാന്‍(97), ശുഭ്മാന്‍ ഗില്‍(64), ശ്രേയസ് അയ്യര്‍(54) എന്നിവരുടെ ഇന്നിംഗ്സാണ് ഇന്ത്യക്ക് തുണയായത്. 12 റണ്‍സ് മാത്രമെടുത്ത സഞ്ജു സാംസണെ കൂടാതെ സൂര്യകുമാര്‍ യാദവും(13) നിരാശപ്പെടുത്തി. ദീപക് ഹൂഡ (27), അക്സര്‍ പട്ടേല്‍ (21) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. എന്നാല്‍ അവസാന ഓവറിലെ മാച്ച് വിന്നിംഗ്‌ സേവുമായി സഞ്ജു വിക്കറ്റിന് പിന്നില്‍ ഏവരുടേയും കയ്യടി വാങ്ങി. 

WI vs IND : തോല്‍വിക്കൊപ്പം വിന്‍ഡീസിന് കനത്ത പ്രഹരം; ജേസന്‍ ഹോള്‍ഡറിന് പരമ്പരയാകെ നഷ്‌ടമാകും- റിപ്പോര്‍ട്ട്