കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ഐസിസി ലോകകപ്പ് നേടുമ്പോള്‍ മാത്രമെ താന്‍ വിവാഹിതനാവൂ എന്ന് അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. വിവാഹിതനാവണമെങ്കിലും വിവാഹം നിശ്ചയം നടത്തണമെങ്കിലും അഫ്ഗാന്‍ ലോകകപ്പ് ജയിക്കണമെന്ന് ആസാദി റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ 21കാരനായ റാഷിദ് വ്യക്തമാക്കി.

എന്നാല്‍ റാഷിദിന്റെ പ്രസ്താവനക്ക് പിന്നാലെ ആരാധകര്‍ ട്രോളുമായി രംഗത്തെത്തി. വിവാഹം കഴിക്കാതിരിക്കാനുള്ള അടവാണിതെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ ലോകകപ്പ് നേടിയാലെ കല്യാണം കഴിക്കൂ എന്ന് വെച്ചാല്‍ ബോളിവുഡ് നായകന്‍ സല്‍മാന്‍ ഖാന്റെ അഴസ്ഥയാകുമെന്ന് ചിലര്‍ കളിയാക്കി.

ടി20 ലോകകപ്പുകളില്‍ നാലു തവണയും ഏകദിന ലോകപ്പില്‍ രണ്ട് തവണയും കളിച്ചിട്ടുള്ള അഫ്ഗാന് വലിയ നേട്ടങ്ങള്‍ ഇതുവരെ സ്വന്തമാക്കാനായിട്ടില്ല. 2015ലും 2019ലും ഏകദിന ലോകകപ്പില്‍ ലീഗ് ഘട്ടം കടക്കാന്‍ അഫ്ഗാന് കഴിഞ്ഞിരുന്നില്ല. 2015ല്‍ സ്കോട്‌ലന്‍ഡിനെതിരെ നേടിയ ജയം മാത്രമാണ് ക്രെഡിറ്റിലുള്ളത്. 2019ലെ ലോകകപ്പില്‍ ഇന്ത്യക്കെതിരെ മികച്ച പ്രകടനം നടത്തി ജയത്തിന് അടുത്തെത്താന്‍ അഫ്ഗാന് കഴിഞ്ഞിരുന്നു.

എന്നാല്‍ ടി20 ലോകകപ്പുകളില്‍ ഇതുവരെ കളിച്ച 14 മത്സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ ജയിക്കാന്‍ അഫ്ഗാനായി. 2016ലെ ടി20 ലോകകപ്പില്‍ 11 വിക്കറ്റുമായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളറാവാന്‍ റാഷിദിന് കഴിഞ്ഞിരുന്നു.