ഇന്ന് ആദ്യ സെഷനില്‍ വിക്കറ്റ് പോവാതെ പിടിച്ചു നിന്നാല്‍ മാത്രമെ ഇന്ത്യക്ക് ഫോളോ ഓണ്‍ ഒഴിവാക്കാമെന്ന പ്രതീക്ഷക്കുപോലും വകയുള്ളു. ഇന്ത്യയെ 269 റണ്‍സിനുള്ളില്‍ പുറത്താക്കിയാലും ഓസ്ട്രേലിയ ഫോളോ ഓണ്‍ ചെയ്യിക്കാനുള്ള സാധ്യത വിരളമാണ്.

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 469 റണ്‍സിന് മറുപടി പറയാനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 151-5 എന്ന സ്കോറില്‍ വിയര്‍ക്കുകയാണ്. 29 റണ്‍സെടുത്ത അജിങ്ക്യാ രഹാനെയിലും അഞ്ച് റണ്‍സെടുത്തു നില്‍ക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ശ്രീകര്‍ ഭരത്തിലുമാണ് ഇന്ത്യയുടെ അവസാന പ്രതീക്ഷ. വാലറ്റക്കാര്‍ കൂടി തിളങ്ങിയാല്‍ ഫോളോ ഓണ്‍ മറികടക്കാനാവശ്യമായ 269 റണ്‍സ് എത്തിപ്പിടിക്കാനായേക്കുമെന്നാണ് ഇന്ത്യ കരുതുന്നത്. എന്നാല്‍ മൂന്നാം ദിനം ആദ്യ സെഷനില്‍ തന്നെ ഇന്ത്യയെ പുറത്താക്കി കൂറ്റന്‍ ലീഡ് സ്വന്തമാക്കുക എന്നതാണ് ഓസ്ട്രേലിയ ലക്ഷ്യമിടുന്നത്.

ഇന്ന് ആദ്യ സെഷനില്‍ വിക്കറ്റ് പോവാതെ പിടിച്ചു നിന്നാല്‍ മാത്രമെ ഇന്ത്യക്ക് ഫോളോ ഓണ്‍ ഒഴിവാക്കാമെന്ന പ്രതീക്ഷക്കുപോലും വകയുള്ളു. ഇന്ത്യയെ 269 റണ്‍സിനുള്ളില്‍ പുറത്താക്കിയാലും ഓസ്ട്രേലിയ ഫോളോ ഓണ്‍ ചെയ്യിക്കാനുള്ള സാധ്യത വിരളമാണ്. സ്പിന്നര്‍മാര്‍ക്ക് അനുകൂലമായി തുടങ്ങിയ ഓവലിലെ പിച്ചില്‍ നാലാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുക എന്ന വെല്ലുവിളി മറികടക്കാന്‍ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങി പരമാവധി വേഗത്തില്‍ റണ്‍സടിച്ച് ലീഡുയര്‍ത്തി ഡിക്ലയര്‍ ചെയ്യാനായിരിക്കും ഓസ്ട്രേലിയ ശ്രമിക്കുക.

എന്നാല്‍ ഓവലില്‍ നിന്ന് ഇന്ത്യക്ക് നേരിയ പ്രതീക്ഷ നല്‍കുന്ന കാലവസ്ഥാ പ്രവചനമാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്. നാളെയും മറ്റന്നാളും ഓവലില്‍ ഇടിയോടു കൂടി മഴ പെയ്യുമെന്നും ശനിയാഴ്ച കനത്ത മഴ പെയ്യുമെന്നുമാണ് അക്യുവെതറിന്‍റെ പ്രവചനം. ഇന്ന് മഴ പെയ്യാനുള്ള സാധ്യത രണ്ട് ശതമാനം മാത്രമാണെങ്കില്‍ നാളെ മഴ പെയ്യാനുള്ള സാധ്യത 70 ശതമാനമാണ്. മറ്റന്നാള്‍ മൂടിക്കെട്ടിയ കാലവസ്ഥയും മഴ പെയ്യാനുള്ള സാധ്യത 88 ശതമാനവുമാണ് അക്യുവെതര്‍ പ്രവചിച്ചിരിക്കുന്നത്.

അംബാനിയുടെ ജിയോ സിനിമയെ പൂട്ടാന്‍ ഡിസ്നി+ഹോട്സ്റ്റാര്‍; ഏഷ്യാ കപ്പും ഏകദിന ലോകകപ്പും ഇനി സൗജന്യമായി കാണാം

റിസര്‍വ് ദിനമായ തിങ്കളാഴ്ചയും മഴ പെയ്യാനുള്ള സാധ്യത നേരത്തെ പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാളെയും മറ്റന്നാളും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന കാലവസ്ഥാ പ്രവചനം പുറത്തുവരുന്നത്. ഇന്ന് അവസാന സെഷനിലും മഴ പെയ്യുമെന്ന് പ്രവചനമുണ്ട്. എന്നാല്‍ തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യം ഉണ്ടാവില്ലെന്നാണ് സൂചന. എങ്കിലും മഴമൂലം ഓവറുകള്‍ നഷ്ടമാകുന്നത് ഓസ്ട്രേലിയക്കാവും കൂടുതല്‍ തിരിച്ചടിയാകുക. ഫൈനലിന് ടൈ ബ്രേക്കര്‍ ഇല്ലാത്തതിനാല്‍ മത്സരം സമനിലയായാല്‍ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.