രഞ്ജി മത്സരത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ സഞ്ജു പടുകൂറ്റന്‍ സിക്സ് പറത്തിയത് ഗ്രൗണ്ടിലെ വിശ്രമമുറിയുടെ മേല്‍ക്കൂരയിലാണ് പതിച്ചത്.
ആലപ്പുഴ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാർ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമ്പോള്‍ മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ടാവുമെന്ന് സൂചന. കേരളത്തിന്‍റെ രഞ്ജി ടീം ക്യാപ്റ്റനായി നേരത്തെ സഞ്ജുവിനെ തെരഞ്ഞെടുത്തിരുന്നു.
അഞ്ച് മുതല്‍ ആലപ്പുഴ എസ് ഡി കോളജ് ഗ്രൗണ്ടിലാണ് സീസണിലെ കേരളത്തിന്‍റെ ആദ്യ രഞ്ജി മത്സരം. ഇന്ത്യന്‍ താരം റിങ്കു സിംഗ് കൂടി ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശ് ആണ് എതിരാളികള്‍. രഞ്ജി മത്സരത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ സഞ്ജു പടുകൂറ്റന്‍ സിക്സ് പറത്തിയത് ഗ്രൗണ്ടിലെ വിശ്രമമുറിയുടെ മേല്‍ക്കൂരയിലാണ് പതിച്ചത്. രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ച സഞ്ജുവിന്‍റെ പടുകൂറ്റന്‍ സിക്സിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കളിക്കാന്‍ പോകുന്നത് രഞ്ജി ട്രോഫി ആണെങ്കിലും സഞ്ജു പരിശീലനം നടത്തുന്നത് വൈറ്റ് ബോളിലാണെന്നത് അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ സഞ്ജു ഉണ്ടാകുമെന്നതിന്‍റെ സൂചനയായാണ് ആരാധകര്‍ വിലയിരുത്തുന്നത്. രഞ്ജി ട്രോഫിക്കു വേണ്ടി മാത്രമുള്ള പരിശീലനമായിരുന്നെങ്കില്‍ സഞ്ജു ചുവന്ന പന്തിലായിരുന്നു പരിശീലനം നടത്തേണ്ടിയിരുന്നതെന്നും ആരാധകര്‍ കണ്ടെത്തുന്നു. റെഡ് ബോളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം സഞ്ജുവിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. അതിനുള്ള അവസരമാണ് രഞ്ജി ട്രോഫിയില്‍ ഇത്തവണ ലഭിക്കുന്നത്.
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജുവിനെ ടി20 ടീമിലേക്ക് പരിഗണിക്കാതിരിക്കാനാവില്ലെന്നു തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്. പ്രത്യേകിച്ച് രോഹിത് ശര്‍മയും വിരാട് കോലിയും പരിക്കു മൂലം ഹാര്‍ദ്ദിക് പാണ്ഡ്യയും സൂര്യകുമാര്‍ യാദവും കളിക്കാത്ത സാഹചര്യത്തില്‍. സൂചനയാണ് വൈറ്റ് ബോള്‍ പരിശീലനമെന്നാണ് കരുതുന്നത്. 11നാണ് അഫ്ഗാനിസ്ഥാനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര തുടങ്ങുന്നത്.
