ഇതോടെ ആവശ്യമുയര്‍ന്നു. ഇന്ത്യന്‍ താരം അശ്വിന്‍ അടക്കമുള്ളവര്‍ തിലക് വര്‍മയെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും മധ്യനിരയില്‍ പരീക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങള്‍ കൊണ്ട് തന്നെ തിലക് വര്‍മ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി പ്രതീക്ഷയായി കഴിഞ്ഞു. ആദ്യ മത്സരത്തില്‍ 39 റണ്‍സെടുത്ത് ടോപ് സ്കോററായ തിലക്, രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടി വീണ്ടും ഇന്ത്യയുടെ ടോപ് സ്കോററായി. മൂന്നാം മത്സരത്തിലാകട്ടെ സൂര്യകുമാര്‍ യാദവിനൊപ്പം നിര്‍ണായക കൂട്ടുകെട്ടുയര്‍ത്തിയ തിലക് 49 റണ്‍സുമായി പുറത്താകാതെ നിന്ന് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കുകയും ചെയ്തു.
ഇതോടെ തിലക് വര്‍മയെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും മധ്യനിരയില്‍ പരീക്ഷിക്കണമെന്നും ആവശ്യമുയര്‍ന്നു. ഇന്ത്യന്‍ താരം അശ്വിന്‍ അടക്കമുള്ളവര്‍ ഈ ആവശ്യവുമായി രംഗത്തെത്തുകയും ചെയ്തു. തിലക് ലോകകപ്പ് ടീമിലുണ്ടാകുമോ എന്ന കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.
മുംബൈ ഇന്ത്യന്‍സില്‍ രോഹിത്തിന് കീഴിലാണ് തിലക് ഐപിഎല്ലില്‍ അരങ്ങേറിയത്. തിലകിന്‍റെ പ്രകടനം കാമാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷമായെന്നും ഈ പ്രായത്തില്‍ തന്നെ അവന്‍ കാണിക്കുന്ന പക്വത അപാരമാണെന്നും രോഹിത് പറഞ്ഞു. റണ്‍സ് നേടാനുള്ള ദാഹം അവനുണ്ട്. അതാണ് ഏറ്റവും പ്രധാനം. തന്‍റെ ബാറ്റിംഗിനെക്കുറിച്ച് വ്യക്തമായ ധാരണയും എപ്പോള്‍ അടിക്കണം ഏത് സാഹചര്യത്തില്‍ എങ്ങനെ കളിക്കണം എന്നതിനെക്കുറിച്ചെല്ലാം വ്യക്തമായ ബോധ്യവും തിലകിനുണ്ട്.
അത് മാത്രമാണ് അവനെക്കുറിച്ച് എനിക്ക് പറയാനുള്ളത്. ലോകകപ്പ് ടീമില്‍ അവനുണ്ടാകുമോ എന്നൊന്നും എനിക്ക് പറയാനാവില്ല. പക്ഷെ ഒരു കാര്യം ഉറപ്പാണ്, അവന്‍ ഇന്ത്യക്കായി കളിച്ച കുറച്ചു മത്സരങ്ങളില്‍ തന്നെ പ്രതിഭാധനനാണെന്ന് തെളിയിച്ചു കഴിഞ്ഞുവെന്നും രോഹിത് പറഞ്ഞു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20 മത്സരത്തില്‍ തിലക് 49 റണ്‍സുമായി പുറത്താകാതെ നില്‍ക്കുമ്പോള്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ സിക്സര്‍ അടിച്ച് ടീമിനെ ജയിപ്പിച്ച് തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറി നിഷേധിച്ചത് ആരാധകരുടെ വിമര്‍ശനത്തിന് കാരണമായിരുന്നു.
