അയര്‍ലന്‍ഡിനെതിരെ വിന്‍ഡീസ് അഞ്ച് വിക്കറ്റിന്‍റെ ഗംഭീര ജയം. ഓപ്പണറായിറങ്ങി 126 പന്തില്‍ 148 റണ്‍സ് നേടി കളിയിലെ താരമായ സുനില്‍ ആംബ്രിസാണ് വിന്‍ഡീസിന്‍റെ വിജയശില്‍പി.
ഡബ്ലിന്‍: കന്നി ഏകദിന സെഞ്ചുറി നേടിയ സുനില്‍ ആംബ്രിസിന്‍റെ മികവില്‍ ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്‍റിലെ നാലാം മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ വിന്‍ഡീസിന് അഞ്ച് വിക്കറ്റിന്‍റെ ഗംഭീര ജയം. അയര്‍ലന്‍ഡിന്‍റെ കൂറ്റന്‍ സ്‌കോറായ 327 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡീസ് 47.5 ഓവറില്‍ ലക്ഷ്യത്തിലെത്തി. ഏകദിനത്തില്‍ വീന്‍ഡീസ് പിന്തുടര്‍ന്ന് ജയിക്കുന്ന ഉയര്‍ന്ന സ്‌കോറാണിത്. ഓപ്പണറായിറങ്ങി 126 പന്തില്‍ 148 റണ്‍സ് നേടിയ ആംബ്രിസ് കളിയിലെ താരമായി. സ്‌കോര്‍: അയര്‍ലന്‍ഡ് 327-5, വിന്‍ഡീസ്- 331-5
ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 124 പന്തില്‍ 135 റണ്‍സെടുത്ത ആന്‍ഡ്രൂവിന്‍റെ ബാറ്റിംഗ് മികവിലാണ് കൂറ്റന്‍ സ്‌കോറിലെത്തിയത്. ഓപ്പണര്‍ പോള്‍ സ്‌റ്റിര്‍ല്ലിങ് 77 റണ്‍സും കെവിന്‍ ഒബ്രിയാന്‍ 63 റണ്‍സുമെടുത്തു. നായകന്‍ വില്യം പോര്‍ട്ടര്‍ഫീല്‍ഡ് മൂന്ന് റണ്‍സില്‍ പുറത്തായി. 50 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മാര്‍ക് അഡൈറും(25) ഗാരി വില്‍സനും(4) ക്രീസിലുണ്ടായിരുന്നു. ഷാന്നന്‍ രണ്ടും ഹോല്‍ഡറും കാര്‍ട്ടറും ഷെല്‍ഡനും ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗില്‍ ഷായ് ഹോപും സുനില്‍ ആംബ്രിസും വിന്‍ഡീസിന് തകര്‍പ്പന്‍ തുടക്കം നല്‍കി. 84 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് വിന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. തകര്‍പ്പന്‍ ഫോമിലുള്ള ഷായ് ഹോപ് 30 റണ്‍സെടുത്ത് പുറത്തായി. ഡാരന്‍ ബ്രാവോ(17), റോസ്‌ടണ്‍ ചേസ്(46), ജാസന്‍ ഹോല്‍ഡര്‍(36) എന്നിങ്ങനെയായിരുന്നു പിന്നീട് വന്നവരുടെ സ്‌കോര്‍. ജൊനാഥന്‍ കാര്‍ട്ടര്‍(43*), ഫാബിയന്‍ അലനും(0*) ആയിരുന്നു വിന്‍ഡീസ് ജയിക്കുമ്പോള്‍ ക്രീസില്‍. റാന്‍കിന്‍ മൂന്നും ലിറ്റിലും സ്‌റ്റിര്‍ലിങും ഓരോ വിക്കറ്റും നേടി.
