Asianet News MalayalamAsianet News Malayalam

വനിതാ ഐപിഎല്‍: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിനെ സ്വന്തമാക്കാനില്ല; മറ്റുരണ്ട് പ്രമുഖരും പിന്മാറി

വനിതാ ഐപിഎല്‍ സംപ്രേഷണ അവകാശം വലിയ തുകയ്ക്കാണ് വിറ്റുപോയത്. റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18 അഞ്ച് വര്‍ഷത്തേക്ക് 951 കോടി രൂപക്കാണ് വനിതാ ഐപിഎല്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയത്.

WIPL Teams Auction chennai super kings and other two pull out
Author
First Published Jan 23, 2023, 8:26 PM IST

മുംബൈ: വനിതാ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കീഴില്‍ നിന്നുള്ള ഫ്രാഞ്ചൈസി ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. 30ലധികം കമ്പനികളെന്ന് ഐപിഎല്‍ ടീമുകള്‍ക്കായി രംഗത്തുള്ളത്.  ഇവരില്‍ സിഎസ്‌കെയ്ക്ക് പുറമെ ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് എന്നിവരും പിന്മാറി. ഈ മാസം 25നാണ് ഫ്രാഞ്ചൈസി ലേലം. ഹല്‍ദിറാം, എപിഎല്‍ അപ്പോളോ, വിവിധ സിമന്റ് കമ്പനികള്‍, അദാനി ഗ്രൂപ്പ് തുടങ്ങിയ കമ്പനികളൊക്കെ ടെന്‍ഡര്‍ ഡോക്യുമെന്റ് കൈപ്പറ്റിയിട്ടുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിന്റെ രണ്ട് ഉടമകളായ ജിഎംആര്‍ ഗ്രൂപ്പും ജെഎസ്ഡബ്ല്യു ഗ്രൂപ്പും രണ്ട് കമ്പനികളായി ടീമിനായി രംഗത്തുണ്ട്.

വനിതാ ഐപിഎല്‍ സംപ്രേഷണ അവകാശം വലിയ തുകയ്ക്കാണ് വിറ്റുപോയത്. റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18 അഞ്ച് വര്‍ഷത്തേക്ക് 951 കോടി രൂപക്കാണ് വനിതാ ഐപിഎല്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയത്. 2023-27 കാലയളവില്‍ നടക്കുന്ന വനിതാ ഐപിഎല്ലിലെ ഓരോ മത്സരത്തിനും 7.09 കോടി രൂപയാണ് വയാകോം ബിസിസിഐക്ക് നല്‍കുക. ഡിസ്‌നി+ ഹോട്സ്റ്റാര്‍, സോണി, സീ എന്നീ ബ്രോഡ്കാസ്റ്റര്‍മാരാണ് വയാകോമിന് ഒപ്പം സംപ്രേഷണവകാശം സ്വന്തമാക്കാനുള്ള മത്സരത്തിലുണ്ടായിരുന്നത്. ഇതാദ്യമായാണ് വനിതാ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ബിസിസിഐ സംപ്രേഷണവകാശം ലേലം ചെയ്യുന്നത്. ഇതുവരെ പുരുഷ ഐപിഎല്ലിന്റെ ഇടവേളകളില്‍ നടത്തിയിരുന്ന വനിതാ ടി20 ചലഞ്ച് മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ആയിരുന്നു സംപ്രേഷണം ചെയ്തിരുന്നത്.

താരങ്ങളുടെ രജിസ്‌ട്രേഷന്‍ 26 വരെ

ലേലത്തിനായി താരങ്ങള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി ജനുവരി 26 ആണ്. ക്യാപ്ഡ്, അണ്‍ക്യാപ്ഡ് താരങ്ങള്‍ക്ക് ലേലത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. ക്യാപ്ഡ് താരങ്ങളില്‍ 50 ലക്ഷം രൂപ, 40 ലക്ഷം, 30 ലക്ഷം എന്നിങ്ങനെ അടിസ്ഥാന വിലയിലാണ് ലേലംവിളി തുടങ്ങുക. അണ്‍ ക്യാപ്ഡ് താരങ്ങള്‍ക്ക് 20 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയാണ് അടിസ്ഥാന വില. ആറ് വിദേശ താരങ്ങള്‍ ഉള്‍പ്പടെ ഓരോ ടീമിനും പതിനെട്ട് താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. അഞ്ച് വിദേശ താരങ്ങളെയാണ് ഒരു മത്സരത്തില്‍ ടീമില്‍ ഉള്‍പ്പെടുത്താനാവുക.

ഷാഹിദ് അഫ്രീദിയെ നീക്കി! പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് പുതിയ ചീഫ് സെലക്റ്റര്‍

Follow Us:
Download App:
  • android
  • ios