സിഡ്നി: വനിതാ ടി20 ലോകകപ്പില്‍ നാളെ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുന്ന ടീം ഇന്ത്യയ്ക്ക് മറികടക്കേണ്ടത് ചരിത്രം മാത്രമല്ല, മഴ ഭീഷണിയെക്കൂടിയാണ്. മത്സരത്തിന് വേദിയാവുന്ന സിഡ്നിയില്‍ മഴ പെയ്യുമെന്നാണ് കാലവസ്ഥാ പ്രവചനം. ഗ്രപ്പ് ബി മത്സരങ്ങള്‍ക്ക് വേദിയായ സിഡ്നിയില്‍ പല മത്സരങ്ങളിലും മഴ വില്ലനായി എത്തിയിരുന്നു.

മത്സരത്തിന് റിസര്‍വ് ദിനമില്ല. മഴ കളി മുടക്കിയാല്‍ സാധാരണ ടി20 മത്സരങ്ങളില്‍ കുറഞ്ഞത് അഞ്ചോവര്‍ വീതമുള്ള മത്സരമെങ്കിലും സാധ്യമാണോ എന്ന് അമ്പയര്‍മാര്‍ പരിശോധിക്കും. എന്നാല്‍ ഐസിസി ടൂര്‍ണമെന്റില്‍ ടി20 മത്സരത്തിന് കുറഞ്ഞത് 10 ഓവര്‍ വീതമെങ്കിലും കളിക്കാനാവുമെങ്കില്‍ മാത്രമെ മത്സരം നടക്കുകയുള്ളു. ഇതിനുള്ള സാധ്യത ഇല്ലെങ്കില്‍ കളി പൂര്‍ണമായും ഉപേക്ഷിക്കും.

മഴ മൂലം മത്സരം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായായാല്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരെന്ന നിലയില്‍ ഇന്ത്യ ഫൈനലിലെത്തും. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇതേ വേദിയില്‍ രണ്ടാം സെമിയില്‍ ഏറ്റുമുട്ടും. ഈ മത്സരത്തിനും മഴ ഭീഷണിയുണ്ട്. മഴ കളി മുടക്കിയാല്‍ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയാവും ഫൈനലില്‍ എത്തുക.

എന്നാല്‍ ഇംഗ്ലണ്ടിനെതിരെ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് അത്ര മികച്ച റെക്കോര്‍‍ഡല്ല ഉള്ളതെന്ന് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഘടകമാണ്. ഇതുവരെ  ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കീഴടക്കാന്‍ ഇന്ത്യക്കായിട്ടില്ല. 2018ലെ ലോകകപ്പ് സെമിയില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയും കിരീടം ചൂടിയതും.

മൂന്ന് തവണ സെമിയിലെത്തിയിട്ടുള്ള ഇന്ത്യക്ക് ഇതുവരെ ഫൈനല്‍ ടിക്കറ്റ് എടുക്കാനായിട്ടില്ല. 2017ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ കീഴടക്കി കിരീടം നേടുന്നതിന് തൊട്ടടുത്ത് എത്തിയെങ്കിലും മിതാലി രാജ് നയിച്ച ഇന്ത്യ അവസാനം കിരീടം കൈവിട്ടു.