മെല്‍ബണ്‍: അര്‍ധസെഞ്ചുറിയുമായി സ്മൃതി മന്ദാന പൊരുതിയിട്ടും ത്രിരാഷ്ട്ര ടി20 പരമ്പരയുടെ ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 11 റണ്‍സ് തോല്‍വി. ഓസീസ് ഉയര്‍ത്തിയ 156 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 144 റണ്‍സിന് ഓള്‍ ഔട്ടായി. 37 പന്തില്‍ 66 റണ്‍സെടുത്ത മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

പതിനഞ്ചാം ഓവറില്‍ മന്ദാന പുറത്തായതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷകളും അവസാനിച്ചു. അവസാന ഏഴ് വിക്കറ്റുകള്‍ വെറും 29 റണ്‍സിന് കളഞ്ഞുകുളിച്ചാണ് ഇന്ത്യ കിരീടം കൈവിട്ടത്. പതിനഞ്ചാം ഓവറില്‍ മന്ദാന പുറത്താവുമ്പോള്‍ ആറ് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് ജയത്തിലേക്ക് 41 റണ്‍സ് മാത്രം മതിയായിരുന്നു. എന്നാല്‍ മന്ദാനക്ക് പിന്നാലെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും അരുന്ധതി റെഡ്ഡിയും ശിഖ പാണ്ഡെയയും വീണതോടെ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു.

12 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഓസീസ് ഓള്‍ റൗണ്ടര്‍ ജെസ് ജൊനാസണാണ് ആതിഥേയര്‍ക്ക് കീരിടം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസീസിനായി 54 പന്തില്‍ 71 റണ്‍സടിച്ച ഓപ്പണര്‍ ബെത്ത് മൂണിയും ആഷ്‌ലി ഗാര്‍ഡ്നറും(26), ക്യാപ്റ്റന്‍ മെഗ് ലാനിംഗും(26)മാണ് ബാറ്റിംഗില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ മന്ദാനയുടെ പ്രകടനം ഒഴിച്ചാല്‍ 17 റണ്‍സെടുത്ത റിച്ച ഘോഷ് മാത്രമാണ് ഇന്ത്യക്കായി പൊരുതിയുള്ളു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍(14), ദീപ്തി ശര്‍മ(10), ഷഫാലി വര്‍മ(10), ജെമീമ റോഡ്രിഗസ്(2) എന്നിവര്‍ നിരാശപ്പെടുത്തി.