ലണ്ടന്‍: 2022ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ടി20 ഉള്‍പ്പെടുത്താന്‍ സാധ്യത. കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ വനിത ടി20യെ നോമിനേറ്റ് ചെയ്യുകയായിരുന്നു. 71 അംഗളുള്ള ഫെഡറേഷനില്‍ നിന്ന് 51 ശതമാനം വോട്ട് ലഭിച്ചാല്‍ നോട്ടിംഗ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റും ഉള്‍പ്പെടുത്തും.

28 ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാവും. അംഗീകരിക്കപ്പെട്ടാല്‍ എഡ്ജ്ബാസ്റ്റണിലായിരിക്കും ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുക. എട്ട് ടീമുകളായിരിക്കും ഗെയിംസില്‍ കളിക്കുക. 1998 മലേഷ്യയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് ഔദ്യോഗിക ഇനമായിരുന്നു. അന്ന് ദക്ഷിണാഫ്രിക്ക സ്വര്‍ണം നേടിയപ്പോള്‍ ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും യഥാക്രമം വെള്ളിയും വെങ്കലവും നേടി.