ഇന്ത്യൻ ബൗളർമാരായ പ്രേമ റാവത്ത്, ദീപ്തി ശർമ, ശ്രീചരണി തുടങ്ങിയവരാണ് പാകിസ്ഥാൻ ബാറ്റർമാരെ എറിഞ്ഞിട്ടത്. പ്രേമ റാവത്ത്, ശ്രീചരണി എന്നിവർ മൂന്നുവിക്കറ്റ് വീതവും ദീപ്തി ശർമ രണ്ടുവിക്കറ്റും ഷിഫാലി വർമ ഒരുവിക്കറ്റും നേടി.

ദുബായ്: വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ. ​ഗ്രൂപ്പ് മത്സരത്തിൽ ഏഴുവിക്കറ്റിനാണ് ഇന്ത്യൻ വനിതകൾ പാകിസ്ഥാനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 18.1 ഓവറിൽ 55 റൺസിന് ഓൾഔട്ടായി. പാകിസ്ഥാൻ വനിതാ ടീമിന്റെ ട്വന്റി20 ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 8.4 ഓവറിൽ ലക്ഷ്യം കണ്ടു. സ്കോർ- 57/3. ഇന്ത്യൻ താരം ശ്രീചരണിയാണ് പ്ലെയർ ഓഫ് ദി മാച്ച്.

ഇന്ത്യൻ ബൗളർമാരായ പ്രേമ റാവത്ത്, ദീപ്തി ശർമ, ശ്രീചരണി തുടങ്ങിയവരാണ് പാകിസ്ഥാൻ ബാറ്റർമാരെ എറിഞ്ഞിട്ടത്. പ്രേമ റാവത്ത്, ശ്രീചരണി എന്നിവർ മൂന്നുവിക്കറ്റ് വീതവും ദീപ്തി ശർമ രണ്ടുവിക്കറ്റും ഷിഫാലി വർമ ഒരുവിക്കറ്റും നേടി. പാകിസ്ഥാൻ ബാറ്റിങ് നിരയിൽ ഓപ്പണർമാരായ മുനീബ അലിയും(13 റൺസ്) ശവാൽ സുൽഫിക്കറും(14 റൺസ്) മാത്രമാണ് പിടിച്ചുനിന്നത്. നാലോവറിൽ പാകിസ്ഥാൻ ഓപ്പണർമാർ 27 റൺസെടുത്തിരുന്നു. എന്നാൽ, പിന്നീടങ്ങോട്ട് ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പാക് ബാറ്റർമാർക്ക് പിടിച്ചുനിൽക്കാനായില്ല. ഒടുവിൽ 18.1 ഓവറിൽ പാകിസ്ഥാന്റെ എല്ലാവരും പുറത്തായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാംഓവറിൽ തന്നെ ആദ്യവിക്കറ്റ് നഷ്ടമായി. 12 റൺസെടുത്ത ഷഫാലി വർമയാണ് ആദ്യം പുറത്തായത്. സ്മൃതി മന്ദാന ഒൻപത് റൺസെടുത്തും പ്രതിക റാവൽ നാല് റൺസെടുത്തും പുറത്തായി. പുറത്താകാതെനിന്ന ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും( 18 റൺസ്) ദീപ്തി ശർമ(12 റൺസ്)യുമാണ് ഒൻപതാം ഓവറിൽ ഇന്ത്യയെ വിജയിപ്പിച്ചത്. പാകിസ്ഥാൻ ബൗളറായ ഫാത്തിമ സന മൂന്ന് വിക്കറ്റ് നേടി.