വെള്ളിയാഴ്ച അർധരാത്രി 11.42-ഓടെയാണ് ദേശീയപാത 66-ൽ കയ്പമം​ഗലത്ത് നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി കാർ യാത്രക്കാരായ എട്ടുപേർ മരിച്ചത്. മരിച്ചവരെല്ലാം തമിഴ്നാട് ദിണ്ടി​ഗൽ പിഎസ്എൻഎ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളാണ്. ഇവരിൽ ആറുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

തൃശ്ശൂർ: എട്ടുവിദ്യാർഥികളുടെ ജീവൻ പൊലിഞ്ഞ അപകടത്തിന് പിന്നാലെ ദേശീയപാത 66-ൽ കയ്പമം​ഗലത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചു. അപകടമുണ്ടായ സ്ഥലത്തിന് ഏതാനും മീറ്ററുകൾക്ക് മുൻപായാണ് വാഹനങ്ങൾ സർവീസ് റോഡിലേക്ക് തിരിഞ്ഞുപോകാനുള്ള സൂചന നൽകി ബാരിക്കേഡുകൾ സ്ഥാപിച്ചത്. അതേസമയം, നേരത്തേ തന്നെ ഇത്തരത്തിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നെങ്കിൽ കഴിഞ്ഞദിവസം രാത്രിയിലെ അപകടം ഉണ്ടാകില്ലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

വെള്ളിയാഴ്ച അർധരാത്രി 11.42-ഓടെയാണ് ദേശീയപാത 66-ൽ കയ്പമം​ഗലത്ത് നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി കാർ യാത്രക്കാരായ എട്ടുപേർ മരിച്ചത്. മരിച്ചവരെല്ലാം തമിഴ്നാട് ദിണ്ടി​ഗൽ പിഎസ്എൻഎ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളാണ്. ഇവരിൽ ആറുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ദേശീയപാതയിൽ നിർമാണം നടക്കുന്ന പുതിയ പാതയിലാണ് അപകടമുണ്ടായത്. കൊടുങ്ങല്ലൂർ ഭാ​ഗത്തുനിന്ന് വരികയായിരുന്ന അമിതവേ​ഗത്തിലെത്തി റോഡിൽ അനധികൃതമായി പാർക്ക് ചെയ്തിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന ആറുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് നാട്ടുകാർ പറയുന്നത്. രണ്ടുപേർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു.

ദേശീയപാതയിൽ ലോറികളുടെ അനധികൃത പാർക്കിങ്ങും പ്രധാനറോഡിൽനിന്ന് സർവീസ് റോഡിലേക്ക് തിരിയേണ്ടതിന് സൂചനാ ബോർഡുകളും ബാരിക്കേഡുകളും ഇല്ലാതിരുന്നതുമാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്. പുതിയ ആറുവരിപ്പാതയുടെ ചില ഭാ​ഗങ്ങൾ മാത്രമാണ് ഇവിടെ ​ഗതാ​ഗതത്തിന് തുറന്നുകൊടുത്തിട്ടുള്ളത്. ഈ പുതിയ പാതയിലൂടെയാണ് കാർ വേ​ഗത്തിലെത്തിയത്. എന്നാൽ, പ്രധാനറോഡിന്റെ ഇടയ്ക്കുവെച്ച് ​ഇതിലൂടെയുള്ള ​ഗതാ​ഗതം സർവീസ് റോഡ് വഴി തിരിച്ചുവിട്ടിരുന്നു. ഈ ഭാ​ഗത്താണ് മൂന്ന് ലോറികൾ അനധികൃതമായി നിർത്തിയിട്ടിരുന്നത്. ഇതിൽ ഒരു ലോറിയിലേക്കാണ് കാർ ഇടിച്ചുകയറിയത്. സർവീസ് റോഡിലേക്ക് തിരിയേണ്ട ഭാ​ഗത്ത് മാത്രമാണ് കോൺക്രീറ്റ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നത്. അപകടത്തിന് പിന്നാലെ ഇവിടെ അനധികൃതമായി നിർത്തിയിട്ടിരുന്ന ബാക്കി രണ്ട് ലോറികളുമായി ഡ്രൈവർമാർ പോയെന്നും നാട്ടുകാർ പറഞ്ഞു.

അവധി ആഘോഷിക്കാനിറങ്ങിയതെന്ന് വിവരം...

അപകടത്തിൽ മരിച്ച വിദ്യാർഥികൾ അവധി ആഘോഷിക്കാനായാണ് തമിഴ്നാട്ടിൽനിന്ന് കേരളത്തിലെത്തിയതെന്നാണ് കരുതുന്നത്. വിദ്യാർഥികളിൽ ഒരാൾ മാത്രമാണ് കോളേജ് ഹോസ്റ്റലിൽ താമസിക്കുന്നതെന്നാണ് കോളേജ് പിആർഒ പറയുന്നത്. ഈ വിദ്യാർഥി കഴിഞ്ഞദിവസം ഹോസ്റ്റലിൽനിന്ന് പുറത്തുപോകാൻ രക്ഷിതാക്കളുടെയും ഹോസ്റ്റൽ അധികൃതരുടെയും അനുമതി വാങ്ങിയിരുന്നു. ബാക്കി ഏഴ് വിദ്യാർഥികളും ഹോസ്റ്റലിൽ താമസിക്കുന്നവരല്ലെന്നും ഇവർ എങ്ങോട്ടാണ് യാത്രപോയതെന്ന് അറിയില്ലെന്നും കോളേജ് അധികൃതർ പറഞ്ഞു.

മരിച്ച യുവസഞ്ജിത് ആണ് അപകടസമയത്ത് കാറോടിച്ചിരുന്നതെന്നാണ് വിവരം. നാലാം വർഷ എൻജിനീയറിങ് വിദ്യാർഥിയാണ് യുവസഞ്ജിത്. എന്നാൽ, കാർ വിദ്യാർഥികളുടെ ആരുടെയങ്കിലും ഉടമസ്ഥതയിലുള്ളതല്ലെന്നാണ് കരുതുന്നത്. മൂന്നുദിവസത്തെ അവധി ആഘോഷിക്കാനായി കാർ വാടകയ്ക്കെടുത്ത് വിദ്യാർഥികൾ യാത്രചെയ്തതാണെന്നും കരുതുന്നു. യാത്രയ്ക്കിടെ ചില വിദ്യാർഥികൾ യാത്രയുമായി ബന്ധപ്പെട്ട വാട്സാപ്പ് സ്റ്റാറ്റസുകൾ പങ്കുവെച്ചിരുന്നു. എന്നാൽ, എവിടേക്കാണ് യാത്രപോയിരുന്നതെന്ന് സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ അറിയില്ല. അപകടവിവരമറിഞ്ഞ് വിദ്യാർഥികളുടെ ബന്ധുക്കൾ തൃശ്ശൂരിലെത്തിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ ഒൻപതുമണിയോടെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

അവധി ദിനങ്ങൾ ആഘോഷമാക്കാൻ ഇറങ്ങിയവർ; തൃശ്ശൂരിലെ വാഹനാപകടം കവർന്നത് 8 ജീവനുകൾ