ദീപ്‌തി ശര്‍മ്മയുടെ മൂന്ന് വിക്കറ്റ് പ്രകടനത്തില്‍ വിന്‍ഡീസ് വനിതകളെ 20 ഓവറില്‍ 118-6 എന്ന സ്കോറില്‍ ഇന്ത്യ ഒതുക്കി

കേപ്‌ടൗണ്‍: രാജ്യന്തര ട്വന്‍റി 20യില്‍ 100 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി സ്‌പിന്‍ ഓള്‍റൗണ്ടര്‍ ദീപ്‌തി ശര്‍മ്മ. വനിതകളില്‍ മാത്രമല്ല, പുരുഷന്‍മാരിലും മുമ്പ് ഇന്ത്യന്‍ ബൗളര്‍മാരാരും വിക്കറ്റ് വേട്ടയില്‍ സെഞ്ചുറി തികച്ചിട്ടില്ല. 100 വിക്കറ്റ് നേട്ടത്തോടെ രാജ്യാന്തര വനിതാ ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമായി ദീപ്‌തി മാറി. ദക്ഷിണാഫ്രിക്കയില്‍ പുരോഗമിക്കുന്ന വനിതാ ട്വന്‍റി 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന്‍റെ മൂന്ന് വിക്കറ്റുകള്‍ പിഴുതതോടെ മുമ്പ് കരിയറില്‍ 98 വിക്കറ്റ് നേടിയിട്ടുള്ള പൂനം യാദവിനെ ദീപ്‌തി ശര്‍മ്മ മറികടക്കുകയായിരുന്നു. 67 വിക്കറ്റുകളുമായി രാധ യാദവാണ് മൂന്നാം സ്ഥാനത്ത്. 

ദീപ്‌തി ശര്‍മ്മയുടെ മൂന്ന് വിക്കറ്റ് പ്രകടനത്തില്‍ വിന്‍ഡീസ് വനിതകളെ 20 ഓവറില്‍ 118-6 എന്ന സ്കോറില്‍ ഇന്ത്യ ഒതുക്കി. സമീപകാലത്തെ ഫോം കേപ്‌ടൗണിലെ മത്സരത്തിലും തുടരുകയായിരുന്നു ദീപ്‌തി ശര്‍മ്മ. 4 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ദീപ്‌തിയുടെ മൂന്ന് വിക്കറ്റ് പ്രകടനം. വിന്‍ഡീസിനായി സ്റ്റെഫനീ ടെയ്‌ലറും ഷിമൈന്‍ കാംപ്‌ബെല്ലും തിളങ്ങി. ഇരുവരുടേയും വിക്കറ്റ് ദീപ്‌തി ശര്‍മ്മയ്‌ക്കായിരുന്നു. 36 പന്തില്‍ 30 റണ്‍സെടുത്ത കാംപ്‌ബെല്ലിനെ ദീപ്‌തി ശര്‍മ്മ എറിഞ്ഞ 14-ാം ഓവറിലെ മൂന്നാം പന്തില്‍ സ‌്മൃതി മന്ദാന തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി. ഇതേ ഓവറിലെ അവസാന പന്തില്‍ ടെയ്‌ലറെ(40 പന്തില്‍ 42) ദീപ്‌തി എല്‍ബിയിലൂടെ മടക്കുകയായിരുന്നു.

ഇന്നിംഗ്‌സിലെ അവസാന ഓവറിലെ രണ്ടാം പന്തില്‍ ക്രീസ് വിട്ടിറങ്ങി സിക്‌സിന് ശ്രമിച്ചെങ്കിലും ആഫി ഫ്ലെച്ചര്‍(0) ബൗള്‍ഡായതോടെ ദീപ്‌തി മൂന്ന് വിക്കറ്റ് തികച്ചു. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ സ്‌മൃതി മന്ദാന പരിക്ക് മാറിയെത്തി. ദേവിക വൈദ്യയും പ്ലേയിംഗ് ഇലവനിലേക്ക് തിരികെ എത്തിയിട്ടുണ്ട്.

Scroll to load tweet…

വട്ടംകറക്കി ദീപ്‌തി ശര്‍മ്മ; വിന്‍ഡീസിനെ 118ല്‍ എറിഞ്ഞൊതുക്കി ഇന്ത്യ