മുംബൈ: ഇന്ത്യന്‍ ടീം സെലക്ഷനില്‍ ഇടപെടില്ലെന്ന്  ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ കൈകാര്യം ചെയ്യാന്‍ യാതൊരു ബുദ്ധിമുട്ടുമില്ലെന്നും ഗാംഗുലി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറ‍ഞ്ഞു.

ഇനി എല്ലാ വര്‍ഷവും ഇന്ത്യ ഒരു ഡേ നൈറ്റ് ടെസ്റ്റെങ്കിലും കളിക്കും. വിദേശ പരമ്പരകളിലും ഒരു ഡേ നൈറ്റ് ടെസ്റ്റ് കളിക്കാന്‍ അതാത് ബോര്‍ഡുകളുമായി ധാരണയിലെത്തും. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സി വിഭജിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ഗാംഗുലി പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ സമീപകാല പ്രകടനത്തില്‍ നിരാശയുണ്ടെന്ന് പറഞ്ഞ‌ ഗാംഗുലി പാക്കിസ്ഥാനും ശ്രീലങ്കയുമെല്ലാം ഇതേ ഘട്ടത്തിലൂടെയാണ് കടന്നുപോവുന്നതെന്നും വ്യക്തമാക്കി. ഓസ്ട്രേലിയയും ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയിരുന്നു. എന്നാല്‍ ഇപ്പോഴവര്‍ ശക്തമായി തിരിച്ചുവന്നു. പരിചയസമ്പത്തുള്ള കളിക്കാരെ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്നും ഗാംഗുലി പറഞ്ഞു.