ഐപിഎല്ലില്‍ തിളങ്ങുന്ന മുന്‍നിര താരത്തെ നാലാം നമ്പര്‍ ബാറ്റ്സ്‌മാനായി നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍.
മുംബൈ: ഇന്ത്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുന്ന തിയതി അടുത്തിരിക്കേ നാലാം നമ്പര്‍ താരത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ മുറുകുകയാണ്. ഐപിഎല്ലില്‍ തിളങ്ങുന്ന മുന്‍നിര താരത്തെ നാലാം നമ്പര്‍ ബാറ്റ്സ്‌മാനായി നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍.
കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഓപ്പണര്‍ കെ. എല്‍ രാഹുലിന്‍റെ പേരാണ് ഗവാസ്‌കര്‍ നിര്‍ദേശിക്കുന്നത്. നാലാം നമ്പറില്‍ ആര് ബാറ്റ് ചെയ്യണം എന്നത് വലിയ ചര്‍ച്ചയാണ്. നിലവിലെ ഫോം വ്യക്തമാക്കുന്ന ഐപിഎല്ലാണ് ടീം സെലക്ഷന് പരിഗണിക്കേണ്ടത്. ഫോം നഷ്ടപ്പെട്ട അമ്പാട്ടി റായുഡുവിനേക്കാള്‍ കെ എല്‍ രാഹുലാണ് ഈ സ്ഥാനത്തേക്ക് വരേണ്ടതെന്നും ഗവാസ്‌കര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.
ലോകകപ്പിലെ ഇന്ത്യയുടെ നാലാം നമ്പര്‍ താരത്തെ ചൊല്ലി ചര്‍ച്ചകള്‍ ആരംഭിച്ചിട്ട് നാളേറെയായി. എന്നാല്‍ ഐപിഎല്ലിലെ പ്രകടനം ലോകകപ്പ് ടീം സെലക്ഷന് പരിഗണിക്കില്ലെന്ന് നായകന്‍ വിരാട് കോലി ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേസമയം രാഹുല്‍ ഐപിഎല്ലില്‍ മികച്ച ഫോമിലാണ്. ഏഴ് മത്സരങ്ങളില്‍ നിന്ന് 317 റണ്‍സ് രാഹുല്‍ നേടിക്കഴിഞ്ഞു.
