ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെ സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിന് പരിക്കേറ്റു.
വഡോദര: ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് വീണ്ടും പരിക്ക് തിരിച്ചടി. സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിനാണ് ഇപ്പോള്‍ പരിക്കേറ്റിരിക്കുന്നത്. നേരത്തെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് പരിക്കിനെ തുടര്‍ന്ന് പരമ്പര തന്നെ നഷ്ടപ്പെട്ടിരുന്നു. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് സുന്ദറിന് പരിക്കേല്‍ക്കുന്നത്. വഡോദരയില്‍ നടന്ന മത്സരത്തില്‍ താരത്തിന് ഇടുപ്പ് വേദന അനുഭവപ്പെടുകയായിരുന്നു. സുന്ദറിന് പരമ്പരയില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായേക്കും. സുന്ദറിന് പരിക്കേറ്റിട്ടുണ്ടെന്നും സ്‌കാനിങ്ങിന് വിധേയനാക്കുമെന്നും മത്സരശേഷം നായകന്‍ ശുഭ്മന്‍ ഗില്‍ സ്ഥിരീകരിച്ചു.
മത്സരത്തില്‍ അഞ്ച് ഓവര്‍ പന്തെറിഞ്ഞ ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച സുന്ദര്‍ ഗ്രൗണ്ട് വിടുകയായിരുന്നു. പിന്നാലെ റിഷഭ് പന്തിന് പകരം ടീമിലെത്തിയ ധ്രുവ് ജുറേല്‍ സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി. പിന്നീട് ഇന്ത്യയുടെ മറുപടി ബാറ്റിങ്ങില്‍ എട്ടാം നമ്പറില്‍ വാഷിങ്ടണ്‍ സുന്ദര്‍ ക്രീസിലെത്തി. ഏഴ് പന്തില്‍ ഏഴ് റണ്‍സ് നേടിയ താരം ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ സഹായിക്കുകയും ചെയ്തു.
ആദ്യ ഏകദിനത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. വിരാട് കോലി (93), ക്യാപ്റ്റന്‍ ശുഭ്മാന്‍ ?ഗില്‍ (56) എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലും ശ്രേയസ് അയ്യര്‍ (49), കെ.എല്‍. രാഹുല്‍ (29 നോട്ടൗട്ട്), ഹര്‍ഷിത് റാണ (29), രോഹിത് ശര്‍മ (26) എന്നിവരുടെ മികവിലുമായിരുന്നു ഇന്ത്യയുടെ ജയം. സ്‌കോര്‍- ന്യൂസിലന്‍ഡ് 50 ഓവറില്‍ എട്ടിന് 300, ഇന്ത്യ 49 ഓവറില്‍ ആറിന് 306.

