അഫ്ഗാനെതിരെ ഇന്ന് ജയിച്ചാൽ ലോകകപ്പ് രണ്ടാം സെമിയിൽ ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക പോരാട്ടം, ഇന്ത്യക്ക് കാത്തിരിപ്പ്
രണ്ട് കളികള്‍ ബാക്കിയുള്ള ഓസ്ട്രേലിയക്ക് രണ്ടും ജയിച്ചാല്‍ രണ്ടാമതോ മൂന്നാമതോ ഫിനിഷ് ചെയ്യാനാവും. ഒരു മത്സരം ബാക്കിയുള്ള ദക്ഷിണാഫ്രിക്കക്കും രണ്ടാമതോ മൂന്നാമതോ ഫിനിഷ് ചെയ്യാനുള്ള അവസരമുണ്ട്.

മുംബൈ: ലോകകപ്പില്‍ സെമി ഉറപ്പിക്കാന്‍ ഓസ്ട്രേലിയ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ ഇറങ്ങുകയാണ്. അഫ്ഗാനെതിരെ ജയിച്ചാല്‍ പോയന്‍റ് പട്ടികയിസ്‍ മൂന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ ഓസ്ട്രേലിയക്ക് ഉറപ്പാക്കാം. അവസാന മത്സരം ബംഗ്ലദേശുമായിട്ടാണ് എന്നതിനാല്‍ ഇന്നത്തെ മത്സരവും അവസാന മത്സരവും മികച്ച റണ്‍ റേറ്റില്‍ ജയിച്ചാല്‍ ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ ഓസ്ട്രേലിയക്കാവും.
ലോകകപ്പിലെ ആദ്യ രണ്ട് കളികളും തോറ്റ് തുടങ്ങിയ ഓസ്ട്രേലിയ പിന്നീട് തുടര്‍ച്ചയായി അഞ്ച് കളികളില്‍ ജയിച്ച് 10 പോയന്‍റുമായാണ് സെമിക്കരികില്‍ നില്‍ക്കുന്നത്. അഫ്ഗാനെതിരെ ഇന്ന് ജയിച്ചാല്‍ ഓസീസിനും ദക്ഷിണാഫ്രിക്കക്കൊപ്പം 12 പോയന്‍റാവും. പിന്നിലുള്ള പാകിസ്ഥാനോ ന്യൂസിലന്‍ഡിനോ അഫ്ഗാനിസ്ഥാനോ പിന്നീട് ഇരു ടീമിനെയും മറികടക്കാനാവില്ല. 16 പോയന്‍റുമായി ഒന്നാമതുള്ള ഇന്ത്യയെ മറികടക്കാന്‍ ഓസീസിനും ദക്ഷിണാഫ്രിക്കക്കും ഇനി കഴിയുകയുമില്ല.
രണ്ട് കളികള്‍ ബാക്കിയുള്ള ഓസ്ട്രേലിയക്ക് രണ്ടും ജയിച്ചാല്‍ രണ്ടാമതോ മൂന്നാമതോ ഫിനിഷ് ചെയ്യാനാവും. ഒരു മത്സരം ബാക്കിയുള്ള ദക്ഷിണാഫ്രിക്കക്കും രണ്ടാമതോ മൂന്നാമതോ ഫിനിഷ് ചെയ്യാനുള്ള അവസരമുണ്ട്. ഇതിലേത് സംഭവിച്ചാലും സെമിയില്‍ രണ്ടാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരുമാണ് ഏറ്റുമുട്ടുക എന്നതിനാല്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും ആകും ഏറ്റുമുട്ടുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം, ആദ്യ നാലുകളികളിലെ ജയത്തിനുശേഷം തുടര്‍ച്ചയായി നാലു കളികളില്‍ തോറ്റ ന്യൂസിലന്‍ഡ് ആകട്ടെ നാലാം സ്ഥാനക്കാരാവാനാണ് ശ്രമിക്കുന്നത്. ആദ്യ രണ്ട് കളികളിലെ ജയവും പിന്നീട് നാലു കളിയിലെ തോല്‍വിക്കും ശേഷം തുടര്‍ച്ചയായ രണ്ട് ജയങ്ങളുമായി വിജയവഴിയില്‍ തിരിച്ചെത്തിയ പാകിസ്ഥാനും കണ്ണ് നാലാം സ്ഥാനത്തിലാണ്. സെമി കാണാതെ പുറത്തായ ശ്രീലങ്കയാണ് അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിന്‍റെ എതിരാളികളെങ്കില്‍ ഈ ലോകകപ്പില്‍ തുടര്‍തോല്‍വികളില്‍ നാണംകെട്ട നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടാണ് പാകിസ്ഥാന്‍റെ എതിരാളികള്‍.
ന്യൂസിലന്‍ഡിന് പാകിസ്ഥാനെക്കാള്‍ മികച്ച നെറ്റ് റണ്‍റേറ്റുണ്ടെന്നത് മുന്‍തൂക്കം നല്‍കുന്ന കാര്യമാണ്. അത്ഭുതങ്ങളും അട്ടിമറിയും തുടര്‍ന്നാല്‍ അഫ്ഗാനും ഇന്ത്യയുടെ എതിരാളികളാവാന്‍ സാധ്യതയുണ്ട്. ഇതറിയാന്‍ 10 വരെ ഇന്ത്യ കാത്തിരിക്കണം. അന്നാണ് അവസാന മത്സരത്തില്‍ അഫ്ഗാന്‍ ദക്ഷിണാഫ്രിക്കയെ നേരിടുന്നത്.
അട്ടിമറി വീരന്‍മാരായ അഫ്ഗാനെ കുറച്ചു കാണാനാവില്ലെങ്കിലും ഓസ്ട്രേലിയയെയും അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെയും അവര്‍ക്ക് അട്ടിമറിക്കാനാവുമോ എന്ന് കണ്ടറിയേണ്ടതാണ്. ഈ രണ്ട് കളികളും ജയിച്ചാല്‍ മാത്രമെ അഫ്ഗാന് സെമിയില്‍ പ്രതീക്ഷയുള്ളു. അഫ്ഗാന്‍ ഈ രണ്ട് കളികളും ജയിച്ചാല്‍ പാകിസ്ഥാന്‍റെയും ന്യൂസിലന്‍ഡിന്‍റെയും അവസാന മത്സരങ്ങള്‍ അപ്രസക്തമാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക