ലോകകപ്പ് നേടിയ ഇന്ത്യൻ താരങ്ങളായ ജസ്പ്രിത് ബുമ്ര, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് എന്നിവർ ഐപിഎൽ 2026-ൽ മുംബൈ ഇന്ത്യൻസിനായി മോശം പ്രകടനം കാഴ്ചവെക്കുന്നു. ടീമിന്റെ കൂട്ടായ പരാജയത്തിലും, ശേഷിക്കുന്ന മത്സരങ്ങളിൽ പൊരുതി ജയിക്കുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് പരിശീലകൻ മഹേല ജയവർദ്ധന.

ചെന്നൈ: ആഴ്ചകള്‍ക്ക് മുന്‍പ് മാത്രം ലോകകപ്പ് കിരീടമുയര്‍ത്തി രാജ്യത്തിന്റെ ഹീറോകളായി മാറിയവര്‍, ഇന്ന് സ്വന്തം ടീമിനായി പൊരുതാന്‍ പോലുമാകാതെ വിയര്‍ക്കുന്നു. ജസ്പ്രിത് ബുമ്ര, ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് - ഇന്ത്യന്‍ ക്രിക്കറ്റിലെ ഈ കരുത്തരുടെ പ്രകടനം ഐപിഎല്‍ 2026ല്‍ മുംബൈ ഇന്ത്യന്‍സിന് വലിയ തലവേദനയാകുകയാണ്. മാര്‍ച്ച് 8ന് ഇന്ത്യയുടെ മൂന്നാം ടി20 ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഈ താരങ്ങള്‍ ഫോമില്ലായ്മയുടെ പേരില്‍ കടുത്ത വിമര്‍ശനങ്ങളാണ് നേരിടുന്നത്.

ടി20 ലോകത്തെ ഏറ്റവും മികച്ച ബൗളറെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബുമ്രയ്ക്ക് 9 മത്സരങ്ങളില്‍ നിന്ന് നേടാനായത് വെറും 3 വിക്കറ്റുകള്‍ മാത്രം. 94.67 എന്ന ശരാശരി ബുമ്രയെപ്പോലൊരു താരത്തിന് ചിന്തിക്കാന്‍ പോലുമാകാത്തതാണ്. ഒരു സെഞ്ചുറി നേടിയെങ്കിലും പ്രകടനത്തിലെ സ്ഥിരതയില്ലായ്മ തിലകിനെ തളര്‍ത്തുന്നു. ഇതുവരെ 193 റണ്‍സാണ് താരം നേടിയത്. നായകനെന്ന നിലയിലും താരമെന്ന നിലയിലും ഹാര്‍ദിക്കിന് ഇത് കടുത്ത സീസണാണ്. 8 മത്സരങ്ങളില്‍ നിന്ന് 183 റണ്‍സും 4 വിക്കറ്റും മാത്രമാണ് സമ്പാദ്യം.

ഫോം കണ്ടെത്താന്‍ പാടുപെടുന്ന മുന്‍ ലോക ഒന്നാം നമ്പര്‍ താരം, സൂര്യകുമാര്‍ യാദവിന് 9 മത്സരങ്ങളില്‍ നിന്ന് 183 റണ്‍സ് മാത്രമേ നേടാനായുള്ളൂ. മികച്ച തുടക്കം ലഭിച്ചിട്ടും വലിയ സ്‌കോറുകളിലേക്ക് അത് മാറ്റാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. ടീമിലെ പ്രധാന താരങ്ങളുടെ മോശം ഫോമിലും പരിശീലകന്‍ മഹേല ജയവര്‍ദ്ധന ശുഭാപ്തിവിശ്വാസത്തിലാണ്. ''ഇതൊരു കൂട്ടായ പരാജയമാണ്, അല്ലാതെ ബുമ്രയുടെ മാത്രം കുറ്റമല്ല. വിക്കറ്റുകള്‍ വീഴുമ്പോള്‍ മാത്രമേ ബുമ്രയ്ക്കും കൂടുതല്‍ ആക്രമിച്ചു പന്തെറിയാന്‍ കഴിയൂ.' ജയവര്‍ദ്ധന പറഞ്ഞു.

സൂര്യകുമാര്‍ ഉടന്‍ ഫോമിലേക്ക് തിരിച്ചെത്തുമെന്നും തിലക് വര്‍മ തന്റെ പുതിയ ഉത്തരവാദിത്തങ്ങള്‍ പഠിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണക്കുകള്‍ നോക്കുമ്പോള്‍ സാധ്യതകള്‍ ഇപ്പോഴും മുംബൈയ്ക്ക് മുന്നിലുണ്ടെന്നും ശേഷിക്കുന്ന അഞ്ച് മത്സരങ്ങളിലും പൊരുതി ജയിക്കാന്‍ ടീം ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പേപ്പറില്‍ ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ മുംബൈ ഇന്ത്യന്‍സ്, പ്രായോഗിക തലത്തില്‍ എങ്ങനെ തകര്‍ച്ചയില്‍ നിന്ന് കരകയറുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്.

YouTube video player