ലോകകപ്പ് ടീം പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് വീരേന്ദ്ര സേവാഗ്. ട്വിറ്ററിലാണ് ടീം അംഗങ്ങള്‍ക്ക് ആശംസകളുമായി സേവാഗ് എത്തിയത്. കാത്തിരിപ്പുകള്‍ക്കൊടുവില്‍ അല്‍പ്പം മുന്‍പാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ടീം നിര്‍ണയത്തെ സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും വീരു ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. 

ടീം നിര്‍ണയത്തില്‍ ദിനേശ് കാര്‍ത്തിക് രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തിയപ്പോള്‍ നാലാം നമ്പര്‍ സ്ഥാനത്ത് അമ്പാട്ടി റായുഡുവിനെ പരിഗണിച്ചില്ലെന്നതും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന് അവസരം നല്‍കിയില്ലെന്നതും ഏറെ വിമര്‍ശിക്കപ്പെടുന്നുണ്ട്. 

വിരാട് കോലി നയിക്കുന്ന ടീമില്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമാണ് ഓപ്പണര്‍മാര്‍. റിസര്‍വ് ഓപ്പണറായി കെ എല്‍ രാഹുലിനെ ഉള്‍പ്പെടുത്തി. ഓള്‍റൗണ്ടര്‍മാരായി വിജയ് ശങ്കറും ഹര്‍ദിക് പാണ്ഡ്യയും ഇടംപിടിച്ചു.

കേദാര്‍ ജാദവും എം എസ് ധോണിയും മധ്യനിരയില്‍ ഇടംപിടിച്ചപ്പോള്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന് അവസരം നല്‍കിയില്ല. ചാഹലും കുല്‍ദീപും ജഡേജയുമാണ് ടീമിലെ സ്‌പിന്നര്‍മാര്‍. ഐപിഎല്ലില്‍ തിളങ്ങിയെങ്കിലും അപ്രതീക്ഷിതമാണ് ജഡേജയുടെ ടീം പ്രവേശം. ബുംറയും ഭുവിയും ഷമിയുമാണ് ടീമിലെ പേസര്‍മാര്‍.