ദുബായ്: വ്യക്തിപരമായ കാരണങ്ങളാല്‍ ഐപിഎല്‍ ഒഴിവാക്കിയ സുരേഷ് റെയ്‌നയ്ക്ക് പകരമായി ഡേവിഡ് മലാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെത്തിയേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമൊന്നും ആയിട്ടില്ല. ആദ്യഘട്ട ചര്‍ച്ചകള്‍ മാത്രമാണ് ആരംഭിച്ചത്. നിലവില്‍ ഐസിസി ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് മലാന്‍. അടുത്തിടെ പുറത്തെടുത്ത പ്രകടനങ്ങള്‍ സിഎസ്‌കെ ടീം മാനേജ്‌മെന്റിനെ തൃപ്തിപ്പെടുത്തിയിട്ടുണ്ട്. 

ടീം മാനേജ്‌മെന്റ് ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നും എന്നാല്‍ ഒന്നും തീരുമാനിച്ചുറപ്പിച്ചില്ലെന്ന് ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസമാണ് മലാന്‍ ഐസിസി റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. പാകിസ്ഥാന്‍, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെ നടന്ന ടി20 പരമ്പരയിര്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുത്തത്.

33കാരനായ മലാന്‍ ഇതുവരെ 16 ടി20 മത്സരങ്ങള്‍ കളിച്ചു. 48.71 ശരാശരിയില്‍ 682 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഇതില്‍ ഒരു സെഞ്ചുറിയും ഉള്‍പ്പെടും. ന്യൂസിലന്‍ഡിനെതിരെ നേടിയ 103 റണ്‍സാണ് ടോപ് സ്‌കോര്‍. റെയ്‌നയെ പോലെ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനാണ് മലാന്‍. മൂന്നാം നമ്പറിലാണ് താരം കളിക്കുക.