ലണ്ടന്‍: ഏകദിന ലോകകപ്പിന്‍റെ ആവേശം കെട്ടടങ്ങും മുൻപ് ക്രിക്കറ്റ് ലോകം ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ആരവത്തിലേക്ക്. ആഷസ് പരമ്പരയോടെയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് തുടക്കമാവുക. ട്വന്‍റി20യുടെ വേഗക്കുതിപ്പിന് പിന്നാലെ പായുന്ന ആരാധകരുടെ ശ്രദ്ധ ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരികെ കൊണ്ടുവരുകയാണ് ലക്ഷ്യം. 

ടെസ്റ്റ് പദവിയുള്ള ഒൻപത് ടീമുകൾ ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ നേർക്കുനേർ ഏറ്റുമുട്ടും. 2021 ജൂണിലാണ് കലാശപ്പോരാട്ടം. ഹോം ഗ്രൗണ്ടിലും എതിരാളികളുടെ നാട്ടിലും മൂന്ന് പരമ്പര വീതം. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ രണ്ട് വർഷ കാലയളവിൽ ഇന്ത്യ ആറു പരമ്പരകളിലായി കളിക്കുക പതിനെട്ട് ടെസ്റ്റുകൾ. ഇംഗ്ലണ്ടിനാണ് കൂടുതൽ മത്സരം, 22 ടെസ്റ്റുകൾ. ഓഗസ്റ്റ് ഒന്നിന് തുടങ്ങുന്ന ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ ആഷസ് പരമ്പരയോടെയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് അരങ്ങുണരുക. 

ഇന്ത്യയുടെ പോരാട്ടങ്ങൾ തുടങ്ങുക വിൻഡീസ് പര്യടനത്തിലെ രണ്ട് ടെസ്റ്റില്‍. ഒരു പരമ്പരയ്ക്ക് 120 പോയിന്‍റാണ് നിശ്ചയിച്ചിരിക്കുന്നത്. പരമാവധി നേടാനാവുക 720 പോയിന്‍റ്. അഞ്ച് ടെസ്റ്റുള്ള പരമ്പരയിൽ ഓരോ മത്സരത്തിനും 24 പോയിന്‍റ് വീതം. രണ്ട് ടെസ്റ്റാണെങ്കിൽ 20 പോയിന്‍റും. ടൈ ആയാൽ ഇരുടീമും പോയിന്‍റ് പങ്കുവയ്ക്കും. സമനിലയായാൽ മൂന്നിലൊന്ന് പോയിന്‍റ് വീതം. ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന രണ്ടുടീമുകൾ ഫൈനലിൽ ഏറ്റുമുട്ടും. 

മൂന്നാം ഊഴത്തിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സാധ്യമാവുന്നത്. നേരത്തേ 2013ലും 2017ലും ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.