ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് വനിതകള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു

ബെംഗളൂരു: വനിത പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് 2024ന് ബെംഗളൂരുവില്‍ വെടിക്കെട്ട് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് വനിതകള്‍ക്കെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് വനിതകള്‍ അലീസ് ക്യാപ്‌സി വെടിക്കെട്ടില്‍ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റിന് 171 റണ്‍സെടുത്തു. വണ്‍ഡൗണായി ക്രീസിലെത്തിയ ഇംഗ്ലീഷ് കൗമാര താരം അലീസ് ക്യാപ്സി 53 പന്തില്‍ 9 ഫോറും 3 സിക്‌സറും സഹിതം 75 റണ്‍സെടുത്തു. 24 പന്തില്‍ 42 റണ്‍സുമായി ഇന്ത്യന്‍ താരം ജെമീമ റോഡ്രിഗസും തിളങ്ങി. മരിസാന്‍ കാപ്പിന്‍റെ ഫിനിഷിംഗ് ഡല്‍ഹിക്ക് മികച്ച സ്കോര്‍ ഒരുക്കി.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് വനിതകള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സ്കോര്‍ ചെയ്യാന്‍ കഷ്ടപ്പെട്ട ഓപ്പണര്‍ ഷെഫാലി വര്‍മ്മയെ (8 പന്തില്‍ 1) ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലെ ഒന്നാം പന്തില്‍ ഷബ്നിം ഇസ്‌മായില്‍ ബൗള്‍ഡാക്കിയത് ഡല്‍ഹിക്ക് തിരിച്ചടിയായി. എന്നാല്‍ അവിടെ നിന്ന് ക്യാപ്റ്റന്‍ മെഗ് ലാന്നിംഗും അലീസ് ക്യാപ്‌സിയും ഡല്‍ഹി ക്യാപിറ്റല്‍സ് വനിതകളെ ശക്തമായി തിരിച്ചുകൊണ്ടുവന്നു. 64 റണ്‍സ് ചേര്‍ത്ത ഇരുവരുടെയും രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പക്ഷേ മെഗ് ലാന്നിംഗിനെ പുറത്താക്കി 11-ാം ഓവറിലെ നാലാം പന്തില്‍ നാറ്റ് സൈവര്‍ ബ്രണ്ട് പൊളിച്ചു. 25 പന്തില്‍ 31 റണ്‍സുമായി മെഗ് മടങ്ങുകയായിരുന്നു. 

Scroll to load tweet…

എന്നാല്‍ ഒരറ്റത്ത് ഫോറും സിക്‌സറുകളുമായി അലീസ് ക്യാപ്സി അര്‍ധസെഞ്ചുറി പിന്നിട്ട് കുതിച്ചുകൊണ്ടിരുന്നു. ജെമീമ റോഡ്രിഗസ് ഉറച്ച പിന്തുണ നല്‍കി. ക്യാപ്സിയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സ് 18-ാം ഓവറിലെ ആദ്യ പന്തില്‍ അമേല്യ കേറാണ് അവസാനിപ്പിച്ചത്. 53 ബോളില്‍ 9 ഫോറും 3 സിക്സും സഹിതം 75 റണ്‍സെടുത്താണ് അലീസ് ക്യാപ്സി മടങ്ങിയത്. തൊട്ടടുത്ത ഓവറില്‍ ജെമീമ റോഡ്രിഗസിന്‍റെ വിക്കറ്റും ക്യാപിറ്റല്‍സിന് നഷ്ടമായി. ജെമീമ 24 ബോളില്‍ 5 ഫോറും 2 സിക്സും ഉള്‍പ്പടെ 42 റണ്‍സെടുത്തു. നാറ്റ് സൈവര്‍ ബ്രണ്ടിനായിരുന്നു വിക്കറ്റ്. തകര്‍പ്പന്‍ ഫിനിഷിംഗ് ഒരുക്കിയ മരിസാന്‍ കാപ് 8 ബോളില്‍ 16 റണ്‍സുമായി ഇന്നിംഗ്സിലെ അവസാന പന്തില്‍ മടങ്ങി. അന്നാബേല്‍ സത്തര്‍ലന്‍ഡ് 2 പന്തില്‍ 1* റണ്‍സുമായി പുറത്താവാതെ നിന്നു.

പ്ലേയിംഗ് ഇലവനുകള്‍

മുംബൈ ഇന്ത്യന്‍സ് വനിതകള്‍: ഹെയ്‌ലി മാത്യൂസ്, നാറ്റ് സൈവര്‍ ബ്രണ്ട്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), യാസ്‌തിക ഭാട്യ (വിക്കറ്റ് കീപ്പര്‍), അമേല്യ കേര്‍, അമന്‍ജോത് കൗര്‍, സജന സജീവന്‍, പൂജ വസ്ത്രകര്‍, ഷബ്‌നിം ഇസ്‌മായില്‍, കീര്‍ത്തന ബാലകൃഷ്‌ണന്‍, സൈക ഇഷാഖ്.

ഡല്‍ഹി ക്യാപിറ്റല്‍സ് വനിതകള്‍: ഷെഫാലി വര്‍മ്മ മെഗ് ലാന്നിംഗ് (ക്യാപ്റ്റന്‍), അലീസ് ക്യാപ്‌സി, ജെമീമ റോഡ്രിഗസ്, മരിസാന്‍ കാപ്, അന്നാബേല്‍ സത്തര്‍ലന്‍ഡ്, അരുന്ധതി റെഡ്ഡി, മിന്നു മണി, താനിയ ഭാട്യ (വിക്കറ്റ് കീപ്പര്‍), രാധ യാദവ്, ശിഖ പാണ്ഡെ.

Read more: ഇത്ര ഈസിയായിരുന്നോ, ഇസി വോങിനെ ഹിന്ദി പഠിപ്പിച്ച് ഷാരൂഖ് ഖാന്‍, ഒപ്പം 'കേരള, കേരള'- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം