സഭിനേനി മേഘന, റിച്ച ഘോഷ് എന്നിവരുടെ അര്‍ധസെഞ്ചുറിയാണ് റോയല്‍ ചലഞ്ചേഴ്‌സ് വനിതകളെ കാത്തത്
ബെംഗളൂരു: വനിത ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ യുപി വാരിയേഴ്‌സിന് 158 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി വനിതകള്‍ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റിന് 157 റണ്‍സാണ് എടുത്തത്. ക്യാപ്റ്റനും ഓപ്പണറുമായ സ്മൃതി മന്ദാന ബാറ്റിംഗ് പരാജയമായപ്പോള്‍ സഭിനേനി മേഘന, റിച്ച ഘോഷ് എന്നിവരുടെ അര്‍ധസെഞ്ചുറിയാണ് റോയല്‍ ചലഞ്ചേഴ്‌സ് വനിതകളെ കാത്തത്.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബാറ്റിംഗ് തകര്‍ച്ചയോടെയായിരുന്നു ആര്‍സിബി വനിതകളുടെ തുടക്കം. 5.1 ഓവറില്‍ സ്കോര്‍ ബോര്‍ഡില്‍ 36 റണ്‍സ് ചേര്‍ന്നപ്പോഴേക്ക് ഓപ്പണര്‍മാരായ സോഫീ ഡിവൈനും സ്‌മൃതി മന്ദാനയും പുറത്തായി. 5 പന്തില്‍ 1 റണ്‍സ് മാത്രം നേടിയ സോഫീയെ ഗ്രേസ് ഹാരിസ് എല്‍ബിയില്‍ തളച്ചപ്പോള്‍ മന്ദാന 11 പന്തില്‍ 13 റണ്‍സുമായി തഹ്‌ലിയ മഗ്രാത്തിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഇതിന് ശേഷം ഓസീസ് ഓള്‍റൗണ്ടര്‍ എലിസ് പെറിക്കും കാര്യമായി സംഭാവന ചെയ്യാനായില്ല. 7 പന്തില്‍ 8 റണ്‍സെടുത്ത പെറിയെ സോഫീ എക്കിള്‍സ്റ്റണ്‍ പറഞ്ഞയച്ചു.
നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 71 റണ്‍സ് ചേര്‍ത്ത സഭിനേനി മേഘനയും വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷും നടത്തിയ പോരാട്ടം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ കാത്തു. 44 പന്തില്‍ 53 റണ്‍സെടുത്ത സഭിനേനിയെയും അക്കൗണ്ട് തുറക്കും മുമ്പ് ജോര്‍ജിയ വേര്‍ഹാമിനെയും രാജേശ്വരി ഗെയ്‌ക്‌വാദ് 17-ാം ഓവറില്‍ മടക്കിയത് ആര്‍സിബിക്ക് തിരിച്ചടിയായിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ മോശമല്ലാത്ത സ്കോറില്‍ എത്തിച്ചു. ദീപ്തി ശര്‍മ്മയുടെ 19-ാം ഓവറിലെ അഞ്ചാം പന്തില്‍ പുറത്താകുമ്പോള്‍ റിച്ച ഘോഷ് 37 പന്തില്‍ 62 റണ്‍സ് എടുത്തിരുന്നു. 20 ഓവറും അവസാനിക്കുമ്പോള്‍ സോഫീ മോളിന്യൂസും (9 പന്തില്‍ 9*), ശ്രീയങ്ക പാട്ടീലും (4 പന്തില്‍ 8*) പുറത്താവാതെ നിന്നു.
Read more: അമ്പമ്പോ...അവസാന പന്ത്, ജയിക്കാന്‍ 5; സിക്സർ പറത്തി മലയാളി സജന സജീവന്‍- വീഡിയോ
