കൊല്‍ക്കത്ത:  ലോകത്തെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വിശേഷിപ്പിച്ച താരമാണ് വൃദ്ധിമാന്‍ സാഹ. ഋഷഭ് പന്ത് വിക്കറ്റിന് പിന്നിലും മുന്നിലും നിരാശപ്പെടുത്തിയപ്പോള്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ സാഹ വിക്കറ്റിന് പിന്നിലെ മിന്നും പ്രകടനത്തോടെ അത് സാധൂകരിക്കുകയും ചെയ്തു.

ഇഎസ്എപിന്‍ ക്രിക്ക് ഇന്‍ഫോയിലൂടെ 25 ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ സാഹ ചില രസകരമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ ഏറ്റവും വിഷമിപ്പിച്ച ബൗളറാരെന്നായിരുന്നു സാഹയോടുള്ള ഒരു ചോദ്യം. ഇന്ത്യന്‍ ടീമിലെ നിലവിലെ പേസ് പടയില്‍ ആരെങ്കിലും ആയിരിക്കും അതെന്ന് കരുതിയ ആരാധകരെ ഞെട്ടിച്ച് സാഹ നല്‍കിയ മറുപടി ബംഗാള്‍ ടീമിലെ തന്റെ സഹതാരമായ അശോക് ദിന്‍ഡയുടേതായിരുന്നു.

വിക്കറ്റിന് പിന്നില്‍ അശ്വിനെയാണോ റാഷിദ് ഖാനെയാണോ കീപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടെന്ന ചോദ്യത്തിന് റാഷിദ് ഖാന്റെ പേരാണ് സാഹ തെരഞ്ഞെടുത്തത്. ഇന്ത്യന്‍ ടീമില്‍ ഏറ്റവും കുറച്ച് സംഗീത ബോധമുള്ള താരം മുഹമ്മദ് ഷമിയാണെന്നും ഏറ്റവും മോശം ഡാന്‍സര്‍ താന്‍ തന്നെയാണെന്നും സാഹ പറഞ്ഞു. വിക്കറ്റിന് പിന്നില്‍ നിന്ന് സ്ലെഡ്ജിംഗ് ചെയ്യാറില്ലെങ്കിലും ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡിനെ ഒരിക്കല്‍ സ്ലെഡ്ജ് ചെയ്തിട്ടുണ്ടെന്നും സാഹ പറഞ്ഞു. ഫുട്ബോളില്‍ ബ്രസീലിനെയാണോ അര്‍ജന്റീനയെ ആണോ പിന്തുണയ്ക്കുന്നത് എന്ന ചോദ്യത്തിന് ഇറ്റലി എന്നായിരുന്നു സാഹയുടെ മറുപടി.