ഇന്ത്യയിലെ ബയോ ബബിള്‍ സംവിധാനങ്ങള്‍ ഒട്ടും സുരക്ഷിതമല്ലെന്ന് സാംപ പറയുകയുണ്ടായി. ഇപ്പോള്‍ ആ ആരോപണങ്ങള്‍ക്ക് ശക്തി പകര്‍ന്നിരിക്കുകയാണ് ഇന്ത്യയുടെ ടെസ്റ്റ് ടീം കീപ്പറായ സാഹ. 

കൊല്‍ക്കത്ത: കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ഐപിഎല്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നത്. താരങ്ങള്‍ക്കും കൊവിഡ് ബാധിച്ചിരുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ വൃദ്ധിമാന്‍ സാഹ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്രസിദ്ധ് കൃഷണ്, ഡല്‍ഹി കാപിറ്റല്‍സിന്റെ അമിത് മിശ്ര തുടങ്ങിയവര്‍ക്കെല്ലാം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ ഓസ്‌ട്രേലിയന്‍ താരങ്ങളായ ആഡം സാംപ, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ആന്‍ഡ്രൂ ടൈ എന്നിവര്‍ നാട്ടിലേക്ക് തിരിച്ചിരുന്നു.

ഇന്ത്യയിലെ ബയോ ബബിള്‍ സംവിധാനങ്ങള്‍ ഒട്ടും സുരക്ഷിതമല്ലെന്ന് സാംപ പറയുകയുണ്ടായി. ഇപ്പോള്‍ ആ ആരോപണങ്ങള്‍ക്ക് ശക്തി പകര്‍ന്നിരിക്കുകയാണ് ഇന്ത്യയുടെ ടെസ്റ്റ് ടീം കീപ്പറായ സാഹ. ബയോ ബബിള്‍ സംവിധാനം മോശമായിരുന്നുവെന്ന് സാഹ വ്യക്തമാക്കി. തൊട്ടുമുമ്പ് യുഎഇയില്‍ അവസാനിച്ച ഐപിഎല്ലിലെ ബയോ ബബിളിനോട് താരതമ്യപ്പെടുത്തിയാണ് സാഹ സംസാരിച്ചത്. 

സാഹ പറയുന്നതിങ്ങനെ... ''ഐപിഎല്‍ 13ാം പതിപ്പ് യുഎഇയിലാണ് നടത്തിയത്. അതുപോലെ ഇത്തവണ മുടങ്ങിയ ഐപിഎല്ലും യുഎഇയില്‍ ആയിരുന്നു നടത്തേണ്ടിയിരുന്നത്. യുഎഇയിലെ ബയോ ബബിളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലേത് അത്രത്തോളം സുരക്ഷിതമല്ലായിരുന്നു. എവിടെയാണ് പിഴച്ചതെന്ന് പരിശോധിക്കുന്നത് നല്ലതാണ്. യുഎഇയില്‍ ഗ്രൗണ്ട് സ്റ്റാഫിനും പോലും അനുമതിയില്ലായിരുന്നു. ഇത്തവണ പരിശീലന സ്ഥലങ്ങളില്‍ കുട്ടികള്‍ പോലും എത്തിനോക്കുന്നത് കാണാമായിരുന്നു.'' സാഹ പറഞ്ഞുനിര്‍ത്തി.

ഐപിഎല്‍ പൂര്‍ത്തിയാക്കാനുള്ള ആലോചന ഇപ്പോഴും നടക്കുന്നുണ്ട്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ഇംഗ്ലണ്ടില്‍ നടത്താനുള്ള സാധ്യത തള്ളികളയാനാവില്ല. വേദിയായി യുഎഇയേയും പരിഗണിക്കുന്നുണ്ട്.