Asianet News MalayalamAsianet News Malayalam

വിസ്‌ഡന്‍റെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടീം; ഇന്ത്യയില്‍ നിന്ന് 3 പേര്‍, പരിക്കിനിടയിലും തിളങ്ങി ബുമ്ര

ഉസ്‌മാന്‍ ഖവാജ ഈ കാലയളവില്‍ 16 മത്സരങ്ങളില്‍ ആറ് സെഞ്ചുറികളും ഏഴ് ഫിഫ്റ്റികളും സഹിതം 69.91 ശരാശരിയില്‍ 1608 റണ്‍സ് നേടി

WTC 2021 2023 Three Indian cricketers included in Wisden World Test Championship XI jje
Author
First Published Mar 21, 2023, 6:19 PM IST

ദില്ലി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ വിസ്‌ഡൻ ടീമിനെ പ്രഖ്യാപിച്ചു. ഫൈനലിൽ ഇടംനേടിയ ഇന്ത്യൻ ടീമിൽ നിന്ന് മൂന്ന് താരങ്ങളും ഓസ്ട്രേലിയൻ ടീമിൽ നിന്ന് നാല് താരങ്ങളും ഇലവനിലെത്തി. റിഷഭ് പന്താണ് ടീമിന്‍റെ വിക്കറ്റ് കീപ്പർ. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, പേസര്‍ ജസ്പ്രീത് ബുമ്ര എന്നിവരും ടീമിൽ ഇടംപിടിച്ചു. ഉസ്‌‌മാൻ ഖവാജ, മാർനസ് ലബുഷെയ്ൻ, പാറ്റ് കമ്മിന്‍സ്, നതാൻ ലിയോൺ എന്നിവരാണ് ടീമിൽ ഇടംപിടിച്ച ഓസീസ് താരങ്ങൾ. ശ്രീലങ്കയുടെ ദിമുത് കരുണരത്നെ, ദിനേശ് ചാന്ദിമൽ, ഇംഗ്ലണ്ട് താരം ജോണി ബെയ്ർസ്റ്റോ, ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡ എന്നിവരും ടീമിലുണ്ട്.

ഉസ്‌മാന്‍ ഖവാജ ഈ കാലയളവില്‍ 16 മത്സരങ്ങളില്‍ ആറ് സെഞ്ചുറികളും ഏഴ് ഫിഫ്റ്റികളും സഹിതം 69.91 ശരാശരിയില്‍ 1608 റണ്‍സ് നേടി. ദിമുത് കരുണരത്‌നെ 12 കളികളില്‍ രണ്ട് ശതകവും 8 ഫിഫ്റ്റികളോടെയും 1054 റണ്‍സ് നേടി. അതേസമയം 19 കളികളില്‍ 5 വീതം ശതകവും ഫിഫ്റ്റികളോടെയും 1509 റണ്‍സാണ് മാര്‍നസ് ലബുഷെയ്നുള്ളത്. 10 കളികളില്‍ രണ്ട് സെഞ്ചുറിയും അഞ്ച് ഫിഫ്റ്റികളുമായി 958 റണ്‍സാണ് മറ്റൊരു ലങ്കന്‍ താരമായ ദിനേശ് ചാന്ദിമലിനുള്ളത്. ഇംഗ്ലണ്ടിന്‍റെ ബാസ്‌ബോള്‍ ശൈലിയുടെ വക്തവായ ജോണി ബെയ്‌ര്‍സ്റ്റോ 15 കളിയില്‍ ആറ് സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറികളോടെയും 1258 റണ്‍സ് നേടി. 

വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമില്‍ ഇടംപിടിച്ച റിഷഭ് പന്തിന് 12 മത്സരങ്ങളില്‍ രണ്ട് സെഞ്ചുറിയും അഞ്ച് ഫിഫ്റ്റികളോടെയും 868 റണ്‍സാണുള്ളത്. ടീമിലെ ഇന്ത്യന്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയുടെ റെക്കോര്‍ഡ് ഗംഭീരമാണ്. 12 കളികളില്‍ രണ്ട് സെഞ്ചുറിയും 3 ഫിഫ്റ്റിയും ഉള്‍പ്പടെ 673 റണ്ണും മൂന്ന് അഞ്ച് വിക്കറ്റ് നേട്ടമുള്‍പ്പടെ 43 വിക്കറ്റും ജഡ്ഡുവിനുണ്ട്. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് അഞ്ച് വിക്കറ്റ് നേട്ടത്തോടെ 15 മത്സരങ്ങളില്‍ 53 പേരെ പുറത്താക്കി. മൂന്ന് അഞ്ച് വിക്കറ്റ് നേട്ടം തന്നെയുള്ള കാഗിസോ റബാഡയ്ക്ക് 13 കളിയില്‍ 67 വിക്കറ്റുണ്ട്. നതാൻ ലിയോൺ 19 കളികളില്‍ അഞ്ച് 5 വിക്കറ്റ് നേട്ടത്തോടെ 83 പേരെ പുറത്താക്കിയത് ശ്രദ്ധേയം. പരിക്ക് കാരണം 10 മത്സരമേ കളിക്കാനായുള്ളൂവെങ്കിലും ബുമ്രക്ക് മൂന്ന് അഞ്ച് വിക്കറ്റ് നേട്ടങ്ങളോടെ 45 പേരെ പുറത്താക്കാനായി. 

കഷ്‌ടിച്ച് 250 കടന്ന് വെസ്റ്റ് ഇന്‍ഡീസ്; പ്രോട്ടീസിനെതിരെ മൂന്നാം ഏകദിനത്തില്‍ ബാറ്റിംഗ് തകര്‍ച്ച

Follow Us:
Download App:
  • android
  • ios