രഞ്ജി അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറിയെന്നുള്ള നേട്ടമാണ് അണ്ടര്‍ 19 ക്യാപ്റ്റനെ തേടിയെത്തിയത്. അതും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും (Sachin Tendulkar) ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമെല്ലാമുള്ള (Rohit Sharma) പട്ടികയില്‍. ദില്ലിയുടെ ഓപ്പണറായിട്ടാണ് ദുള്‍ ക്രിസീലെത്തിയത്.
ദില്ലി: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യയിലെത്തിയത് ഒരുമാസം ആകുന്നതേയൂള്ളൂ. ഡല്‍ഹിയില്‍ നിന്നുള്ള യാഷ് ദുളാണ് (Yash Dhull) ഇന്ത്യയെ നയിച്ചത്. ബാറ്റിംഗിലും താരം മികച്ച ഫോമിലായിരുന്നു. പിന്നാലെ ദില്ലിയുടെ രഞ്ജി ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. അരങ്ങേറ്റത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ദുള്‍. തമിഴ് നാടിനെതിരായ മത്സരത്തില്‍ സഞ്ചുറി നേടിയ ദുള്‍ അരങ്ങേറ്റം ആഘോഷമാക്കി. അതും ആദ്യ സെഷനില്‍ തന്നെ. 113 റണ്‍സാണ് ദുള്‍ നേടിയത്.
ഇതോടെ സവിശേഷ പട്ടികയിലും താരം ഇടം നേടി. രഞ്ജി അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറിയെന്നുള്ള നേട്ടമാണ് അണ്ടര്‍ 19 ക്യാപ്റ്റനെ തേടിയെത്തിയത്. അതും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും (Sachin Tendulkar) ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമെല്ലാമുള്ള (Rohit Sharma) പട്ടികയില്‍. ദില്ലിയുടെ ഓപ്പണറായിട്ടാണ് ദുള്‍ ക്രിസീലെത്തിയത്. എന്നാല്‍ അവര്‍ രണ്ടിന് ഏഴ് എന്ന നിലയില്‍ പരുങ്ങി. പിന്നാലെ നിതീഷ് റാണയുമൊത്ത് 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടക്കാനും ദുളിന് സാധിച്ചു.
കൂട്ടുകെട്ട് എം മുഹമ്മദ് പൊളിച്ചു. പിന്നാലെ ജോണ്ടി സിദ്ദുവിനൊപ്പം താരം മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 119 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പിന്നാലെ ദുള്‍ മടങ്ങി. മുഹമ്മദിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. 18 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലിന് 210 എന്ന നിലയിലാണ് ദില്ലി. സിദ്ദുവിനൊപ്പം അനുജ് റാവത്താണ് (11) ക്രീസില്‍. തമിഴ്‌നാടിന്റെ മലയാളി പേസര്‍ സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
അണ്ടര്‍ 19 ലോകകപ്പില്‍ നാല് മത്സങ്ങളില്‍ നിന്ന് 229 റണ്‍സാണ് ദുള്‍ നേടിയത്. ഇതില്‍ ഓസ്‌ട്രേലിയക്കെതിരെ സെഞ്ചുറിയും ഉള്‍പ്പെടും. പിന്നാലെ താരം ഐപിഎല്‍ മെഗാ താരലേലത്തിന് രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹി കാപിറ്റല്‍സ് 50 ലക്ഷത്തിലാണ് താരത്തെ സ്വന്തമാക്കിയത്.
രഹാനെ ഫോമില്‍
രഞ്ജി ട്രോഫിയിലെ മറ്റൊരു മത്സരം കൂടി ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. മുംബൈ- സൗരാഷ്ട്ര മത്സരമാണത്. ഇന്ത്യന്‍ ടെസ്റ്റ് താരങ്ങളായ അജിന്‍ക്യ രഹാനെയും ചേതേശ്വര്‍ പൂജാരയും നേര്‍ക്കുനേര്‍ വരുന്ന മത്സരമാണത്. അഹമ്മദാബാദില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തിട്ടുണ്ട് മുബൈ. രഹാനെ 58 റണ്‍സുമായി ക്രീസിലുണ്ട്. സര്‍ഫറാസ് ഖാനാണ് (47) അദ്ദേഹത്തിന് കൂട്ട്. ക്യാപ്റ്റന്‍ പൃഥ്വി ഷാ ഒരു റണ്‍സെടുത്ത് പുറത്തായി.
കേരളം മേഘാലയെ എറിഞ്ഞിട്ടു
രാജ്‌കോട്ടില്‍ കേരളം മേഘാലയയെ എറിഞ്ഞിട്ടു. ടോസ് നഷ്ടമപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മേഘാലയ 148ന് പുറത്തായി. 17 വയസുള്ള അരങ്ങേറ്റക്കാരന്‍ എദന്‍ ആപ്പില്‍ ടോം നാല് വിക്കറ്റ് നേടി. വെറ്ററന്‍ പേസര്‍ എസ് ശ്രീശാന്ത് രണ്ട് വിക്കറ്റുമായി നിര്‍ണായ പ്രകടനം പുറത്തെടുത്തു. മനു കൃഷ്ണന്‍ മൂന്നും ബേസില്‍ തമ്പി ഒരു വിക്കറ്റും നേടി. 93 റണ്‍സ് നേടിയ ക്യാപ്റ്റന്‍ പുനിത് ബിഷ്ട് മാത്രമാണ് മേഘാലയ നിരയില്‍ പിടിച്ചുനിന്നത്. മറുപടി ബാറ്റിംഗ് ആരംഭിച്ച കേരളം വിക്കറ്റ് നഷ്ടമില്ലാതെ ആറ് റണ്‍സെടുത്തിട്ടുണ്ട്.
