വനിതകളില്‍ കഴിഞ്ഞ മാസത്തെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ അന്നാബേല്‍ സത്തര്‍ലന്‍ഡിനാണ്

ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനത്തോടെ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന് ഐസിസി പുരസ്‌കാരം. ജയ്‌സ്വാള്‍ ഫെബ്രുവരി മാസത്തെ മികച്ച പുരുഷ താരത്തിനുള്ള ഐസിസി അവാര്‍ഡിന് അര്‍ഹനായി. ഫെബ്രുവരി മാസം ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്ന് ടെസ്റ്റുകളില്‍ 112 ബാറ്റിംഗ് ശരാശരിയില്‍ 560 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളിന് ഭീഷണിയാവുന്ന പ്രകടനം പുറത്തെടുക്കാന്‍ മറ്റ് പുരുഷ താരങ്ങള്‍ക്കാര്‍ക്കും കഴിഞ്ഞില്ല. വെറും 22-ാം വയസില്‍ ഐസിസി പുരസ്‌കാരവുമായി വിസ്മയിപ്പിക്കുകയാണ് ഇന്ത്യന്‍ ഇടംകൈയന്‍ ഓപ്പണര്‍. 

അതേസമയം വനിതകളില്‍ കഴിഞ്ഞ മാസത്തെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ അന്നാബേല്‍ സത്തര്‍ലന്‍ഡിനാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഓള്‍റൗണ്ട് പ്രകടനമാണ് അന്നാബേലിന് തുണയായത്. 

ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യ മത്സരം തോറ്റ ശേഷം ടീം ഇന്ത്യ ശക്തമായി തിരിച്ചെത്തിയത് ഇടംകൈയന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്‍റെ കരുത്തിലായിരുന്നു. പരമ്പര 4-1നാണ് ഇന്ത്യ വിജയിച്ചത്. ഇതില്‍ ഫെബ്രുവരിയില്‍ നടന്ന വിശാഖപട്ടണം, രാജ്‌കോട്ട് ടെസ്റ്റുകളില്‍ തുടര്‍ച്ചയായി ജയ്‌സ്വാള്‍ ഇരട്ട സെഞ്ചുറി നേടിയിരുന്നു. വിശാഖപട്ടണത്ത് 209 ഉം രാജ്‌കോട്ടില്‍ 214 ഉം അടിച്ച് യശസ്വി ജയ്‌സ്വാള്‍ വിസ്‌മയിപ്പിച്ചു. ഒരു ഇന്നിംഗ്‌സില്‍ മാത്രം 12 സിക്സുകളുമായി അമ്പരപ്പിക്കുകയും ചെയ്തു താരം. ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ 9 ഇന്നിംഗ്സുകളില്‍ 89 ശരാശരിയോടെ 712 റണ്‍സ് ജയ്‌സ്വാള്‍ പേരിലാക്കിയിരുന്നു. പരമ്പരയിലാകെ 68 ഫോറും 26 സിക്‌സും യശസ്വി ജയ്‌സ്വാള്‍ നേടി. 

ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഹൈദരാബാദിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 28 റണ്‍സിന് തോല്‍വി രുചിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷം വിശാഖപട്ടണത്ത് 106 റണ്ണിനും രാജ്കോട്ടില്‍ 434 റണ്‍സിനും റാഞ്ചിയില്‍ അഞ്ച് വിക്കറ്റിനും ധരംശാലയില്‍ ഇന്നിംഗ്‌സിനും 64 റണ്‍സിനും വിജയിച്ചാണ് ടീം ഇന്ത്യ 4-1ന് പരമ്പര അടിച്ചെടുത്തത്. 

Read more: 60 പന്തില്‍ 88*, ദീപ്‌തി ശര്‍മ്മ പോരാട്ടം പാഴായി; യുപി വാരിയേഴ്‌സിന് തോല്‍വി, കനത്ത തിരിച്ചടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം