ഫോമിലേക്ക് തിരിച്ചെത്തിയതിന് സഞ്ജുവിനോടും രാജസ്ഥാന്‍ ടീം മാനേജ്‌മെന്റിനോടും നന്ദി പറയുകയായാണ് ജയ്സ്വാള്‍.

ജയ്പൂര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സെഞ്ചുറി നേടികൊണ്ടാണ് രാജസ്ഥാന്‍ റോയല്‍സ് താരം യശസ്വി ജയ്‌സ്വാള്‍ ഫോം വീണ്ടെടുത്തത്. 60 പന്തില്‍ 140 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു താരം. ഏഴ് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സ്. മുംബൈക്കെതിരായ മത്സരത്തിന് മുമ്പ് 30ന് അപ്പുറമുള്ള ഒരു സ്‌കോര്‍ പോലും ജയ്‌സ്വാളിന് നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മുംബൈക്കെതിരെ കളിമാറി.

ഫോമിലേക്ക് തിരിച്ചെത്തിയതിന് സഞ്ജുവിനോടും രാജസ്ഥാന്‍ ടീം മാനേജ്‌മെന്റിനോടും നന്ദി പറയുകയായാണ് ജയ്സ്വാള്‍. മത്സരശേഷം താരം പറഞ്ഞതിങ്ങനെ... ''വളരെയധികം കടപ്പെട്ടിരിക്കുന്നു. തുടക്കം മുതല്‍ ഞാന്‍ ശരിക്കും ആസ്വദിച്ച് കളിച്ചു. പന്ത് നന്നായി നോക്കിയാണ് ഞാന്‍ കളിച്ചത്. ശരിയായ ഷോട്ടുകള്‍ കളിക്കുന്നുണ്ടെന്നും ഞാന്‍ ഉറപ്പാക്കി. എനിക്ക് കഴിയുന്നത് നന്നായി ചെയ്യാനാണ് ശ്രമിച്ചത്. ചില ദിവസങ്ങളില്‍ അത് ശരിയാവും ചിലപ്പോഴത് മറിച്ചും സംഭവിക്കാം. ഞാന്‍ കൂടുതലൊന്നും ചിന്തിക്കുന്നില്ല. എന്നെ പിന്തുണച്ചവരോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പരാജയപ്പെട്ടപ്പോള്‍ വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കിയ രാജസ്ഥാന്‍ റോയല്‍സ് മാനേജ്മെന്റിനും പ്രത്യേകിച്ച് സംഗക്കാര, സഞ്ജു എന്നിവരോടെല്ലാം നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'' ജയ്‌സ്വാള്‍ പറഞ്ഞുനിര്‍ത്തി.

ഇതായിരിക്കണം ക്യാപ്റ്റന്‍! സഞ്ജു കളിച്ചത് ജയ്‌സ്വാളിന്‍റെ സെഞ്ചുറിക്ക് വേണ്ടി; നായകനെ വാഴ്ത്തി സോഷ്യല്‍ മീഡിയ

മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ ജയമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ മുംബൈ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ 18.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ജയ്‌സ്വാളിന് പുറമെ സഞ്ജു 28 പന്തില്‍ 38 റണ്‍സുമായി പുറത്താവാതെ നിന്നു.

35 റണ്‍സെടുത്ത ജോസ് ബട്‌ലറുടെ വിക്കറ്റ് മാത്രമാണ് രാജസ്ഥാന് നഷ്ടമായത്. ജയത്തോടെ എട്ട് കളികളില്‍ 14 പോയന്റുമായി രാജസ്ഥാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.