ഷമിയുടെ ലോകകപ്പ് പ്രകടനം തുണയായി! കണ്ണ് തുറന്ന് യോഗി സര്‍ക്കാര്‍; താരത്തിന്റെ നാട്ടില്‍ സ്‌റ്റേഡിയവും ജിമ്മും
മിനി സ്റ്റേഡിയവും ഓപ്പണ്‍ ജിമ്മും ഉയരും ഷമിയുടെ നാട്ടില്‍. വിദഗ്ധസംഘം ഇതിനായുള്ള സ്ഥലം സന്ദര്‍ശിച്ചിരുന്നു. ആര്‍എല്‍ഡി രാജ്യസഭാ എംപി ജയന്ത് സിംഗും സ്റ്റേഡിയം പണിയാന്‍ സഹായവാഗ്ദ്ധാനം നല്‍കിയിട്ടുണ്ട്.

ലഖ്‌നൗ: മുഹമ്മദ് ഷമിയുടെ ഗ്രാമത്തില്‍ സ്റ്റേഡിയവും ജിമ്മും പണിയാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ലോകകപ്പിലെ ഷമിയുടെ മിന്നും പ്രകടനം പരിഗണിച്ചാണ് തീരുമാനം. അമ്‌റോഹ ജില്ലയിലെ സഹസ്പൂര്‍ അലിനഗര്‍ ഗ്രാമത്തിലാണ് ഷമി ജനിച്ചു വളര്‍ന്നത്. കൗമാരകാലത്ത് നന്നായി പന്തെറിഞ്ഞിട്ടും അണ്ടര്‍ 19 ടീമില്‍ ഇടംകിട്ടാതെ ബംഗാളിലേക്ക് നാടുവിട്ട ഷമിക്ക് ഒടുവില്‍ ജന്മനാടിന്റെ പരിഗണന. യോഗി സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം പണിയുന്ന 20 സ്റ്റേഡിയങ്ങളുടെ പട്ടികയില്‍ സഹസ്പൂര്‍ അലിനഗറുമുണ്ട്.
മിനി സ്റ്റേഡിയവും ഓപ്പണ്‍ ജിമ്മും ഉയരും ഷമിയുടെ നാട്ടില്‍. വിദഗ്ധസംഘം ഇതിനായുള്ള സ്ഥലം സന്ദര്‍ശിച്ചിരുന്നു. ആര്‍എല്‍ഡി രാജ്യസഭാ എംപി ജയന്ത് സിംഗും സ്റ്റേഡിയം പണിയാന്‍ സഹായവാഗ്ദ്ധാനം നല്‍കിയിട്ടുണ്ട്. സൂപ്പര്‍ ഹീറോ ഷമിയുടെ പരസ്യവരുമാനം ഇരട്ടിയായി ഒരു കോടിയിലെത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ലോകകപ്പ് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാണ് ഷമി. ആറ് മത്സരങ്ങള്‍ മാത്രം കളിച്ച താരം ഒരു മത്സരം ബാക്കി നില്‍ക്കെ 23 വിക്കറ്റുകളാണ് വീഴ്ത്തിയത്.
ലോകകപ്പിലെ ആദ്യത്തെ നാല് മത്സരങ്ങളില്‍ ഷമി കളിച്ചിരുന്നില്ല. പിന്നീട് മൂന്ന് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ ഷമിക്കായി. ന്യൂസിലന്‍ഡിനെതിരെ സെമിയില്‍ ഏഴ് വിക്കറ്റുകളാണ് ഷമി വീഴ്ത്തിയതദ്. മത്സരത്തിലെ താരവും ഷമിയായിരുന്നു. ടൂര്‍ണമെന്റിലെ താരമായി പരിഗണിക്കപ്പെടുന്ന താരങ്ങളിലും ഷമിയുണ്ട്.
നാളെ അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഫൈനല്‍. ഫൈനലിന് മുമ്പുള്ള വാര്‍ത്താസമ്മേളനത്തില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഷമിയെ കുറിച്ച് സംസാരിച്ചിരുന്നു. ഷമി ഭീഷണിയാണെന്നാണ് കമ്മിന്‍സ് പറഞ്ഞത്. കമ്മിന്‍സിന്റെ വാക്കുകള്‍... ''അവസാന മത്സരങ്ങളില്‍ പേസര്‍മാര്‍ മികവിലേക്ക് ഉയര്‍ന്നത് ഫൈനലില്‍ ഗുണം ചെയ്യും. ടൂര്‍ണമെന്റില്‍ നേടിയ വിജയങ്ങള്‍ ടീം അംഗങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. പരിചയസമ്പത്തും ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് കരുത്താണ്. ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ നെടുംതൂണുകളായ വിരാട് കോലിക്കും രോഹിത് ശര്‍മ്മയ്ക്കുമായി ചില തന്ത്രങ്ങള്‍ തയ്യാറാണ്. ടൂര്‍ണമെന്റില്‍ ആറ് മത്സരങ്ങളില്‍ 23 വിക്കറ്റുമായി കുതിക്കുന്ന ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി ഞങ്ങള്‍ക്ക് വെല്ലുവിളിയാണ്. സ്വന്തം രാജ്യത്ത് തയ്യാറാക്കിയ പിച്ച് ഇന്ത്യയ്ക്ക് അനുകൂലമാവും. പക്ഷേ അത്തരം സാഹചര്യങ്ങളെല്ലാം മറികടക്കാന്‍ ഓസീസ് സുസജ്ജമാണ.്'' കമ്മിന്‍സ് വ്യക്തമാക്കി.