രഞ്ജി ട്രോഫിയിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ക്കുള്ള മുംബൈ ടീമിലുണ്ടായിരുന്നെങ്കിലും പിന്നീട് ഫോമിന്‍റെയും ഫിറ്റ്നെസിന്‍റെയും അച്ചടക്കലംഘനത്തിന്‍റെയുമെല്ലാം പേരില്‍ ടീമില്‍ നിന്നൊഴിവാക്കുകയായിരുന്നു
മുംബൈ: ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള മുംബൈയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിക്കാത്തതിനെക്കുറിച്ച് പ്രതികരിച്ച് യുവതാരം പൃഥ്വി ഷാ. രഞ്ജിയില്‍ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഓപ്പണർ യശസ്വി ജയ്സ്വാളും കശ്മീരിനെതിരെ മുംബൈക്കായി ഇറങ്ങിയതോടെയാണ് ടീമിലെ ഓപ്പണറായിരുന്ന പഥ്വി ഷാ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായത്.
ഫോമിന്‍റെയും ഫിറ്റ്നെസിന്‍റെയും പേരില്‍ പൃഥ്വി ഷായെ വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇടവേളക്കുശേഷം തുടങ്ങിയ രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ നിന്നും ഷായെ തഴഞ്ഞത്. ഇതിന് പിന്നാലെ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഷാ കുറിച്ചത്, എന്നെ കളിയില്‍ നിന്ന് മാറ്റി നിര്‍ത്താം, പക്ഷെ ഞാന്‍ എന്‍റെ ജോലി ചെയ്യുന്നത് തടയാനാവില്ലെന്നായിരുന്നു.
രഞ്ജി ട്രോഫി: നിധീഷിന് 4 വിക്കറ്റ്, കേരളത്തിനെതിരെ മധ്യപ്രദേശിന് ബാറ്റിംഗ് തകര്‍ച്ച
രഞ്ജി ട്രോഫിയിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ക്കുള്ള മുംബൈ ടീമിലുണ്ടായിരുന്നെങ്കിലും പിന്നീട് ഫോമിന്‍റെയും ഫിറ്റ്നെസിന്‍റെയും അച്ചടക്കലംഘനത്തിന്‍റെയുമെല്ലാം പേരില്‍ ടീമില്‍ നിന്നൊഴിവാക്കുകയായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 58 മത്സരങ്ങളില്‍ 46.02 ശരാശരിയില്‍ 4556 റണ്‍സടിച്ചിട്ടുള്ള പൃഥ്വി ഷാ 13 സെഞ്ചുരികളും 18 അര്‍ധസെഞ്ചുറികളും നേടിയിട്ടുണ്ട്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള മുംബൈ ടീമില്‍ നിന്ന് പൃഥ്വി ഷായെ ഒഴിവാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കുറച്ചുകൂടി അച്ചടക്കമുള്ള കളിക്കാരനായാല്‍ ആകാശമാണ് പൃഥ്വി ഷായുടെ അതിരെന്നും ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച വ്യക്തമായ ബോധ്യം പൃഥ്വി ഷാക്ക് ഉണ്ടാകണമെന്നും മുംബൈ നായകനായ ശ്രേയസ് അയ്യര്‍ പറഞ്ഞിരുന്നു.
ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ പൃഥ്വി ഷാക്ക് പകരം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മക്കോ യശസ്വി ജയ്സ്വാളിനോ തിളങ്ങാനായിരുന്നില്ല. 10 വര്‍ഷത്തിനുശേഷം ആദ്യ രഞ്ജി മത്സരത്തിനിറങ്ങിയ രോഹിത് 19 പന്തില്‍ മൂന്ന് റണ്‍സെടുത്ത് പുറത്തായപ്പോൾ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ടോപ് സ്കോററായിരുന്ന യശസ്വി ജയ്സ്വാള്‍ നാലു റണ്ണെടുത്ത് പുറത്തായി.
