10 പന്ത് നേരിട്ട റിഷഭ് പന്ത് ഒരു റണ്‍സ് മാത്രമെടുത്ത് ധര്‍മേന്ദ്ര സിംഗ് ജഡേജയുടെ പന്തില്‍ പ്രേരക് മങ്കാദിന് ക്യാച്ച് നല്‍കി പുറത്തായി.

രാജ്കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സൗരാഷ്ട്രക്കെതിരെ ഡല്‍ഹിക്ക് ബാറ്റിംഗ് തകര്‍ച്ച. സൗരാഷ്ട്രക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെന്ന നിലയിലാണ്. 54 റണ്‍സോടെ ക്യാപ്റ്റന്‍ ആയുഷ് ബദോനിയും 16 റണ്‍സോടെ മായങ്ക് ഗുസൈനും ക്രീസിലുണ്ട്.

ടോസ് നേടി ക്രീസിലിറങ്ങിയ ഡല്‍ഹിക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. അര്‍പിത് റാണയെ റണ്ണെടുക്കും മുമ്പെ ജയദേവ് ഉനദ്ഘട്ട് മടക്കിയപ്പോള്‍ സനത് സംഗ്‌വാനും യാഷ് ദുള്ളും ചേര്‍ന്ന് ഡല്‍ഹിയെ കരകയറ്റുമെന്ന് കരുതിയെങ്കിലും രവീന്ദ്ര ജഡേജ സംഗ്‌വാനെ വീഴ്ത്തി ഡല്‍ഹിക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചു. യാഷ് ദുള്ളും ആയുഷ് ബദോനിയും ചേര്‍ന്ന് ഡല്‍ഹിയെ 85 കരകയറ്റിയെങ്കിലും വീണ്ടും ജഡേജ ഡല്‍ഹിയെ ഞെട്ടിച്ചു. 44 റണ്‍സെടുത്ത യാഷ് ദുള്ളിനെ ജഡേജ പുറത്താക്കിയതിന് പിന്നാലെ അഞ്ചാമനായാണ് റിഷഭ് പന്ത് ക്രീസിലെത്തിയത്.

രഞ്ജി ട്രോഫിയിലും അടിതെറ്റി ശുഭ്മാന്‍ ഗിൽ, കർണാടകക്കെതിരെ നാണംകെട്ട് പഞ്ചാബ്; 55ന് ഓള്‍ ഔട്ട്

10 പന്ത് നേരിട്ട റിഷഭ് പന്ത് ഒരു റണ്‍സ് മാത്രമെടുത്ത് ധര്‍മേന്ദ്ര സിംഗ് ജഡേജയുടെ പന്തില്‍ പ്രേരക് മങ്കാദിന് ക്യാച്ച് നല്‍കി പുറത്തായി. പിന്നാലെ ജോണ്ടി സിദ്ധുവും(16), സുമിത് മാഥൂറും(1) മടങ്ങിയതോടെ ഡല്‍ഹി 125-6ലേക്ക് കൂപ്പുകുത്തി. അര്‍ധസെഞ്ചുറിയുമായി ക്രീസിലുള്ള ആയുഷ് ബദോനിയിലാണ് ഡല്‍ഹിയുടെ ഇനിയുള്ള പ്രതീക്ഷ. സൗരാഷ്ട്രക്കായി രവീന്ദ്ര ജഡേജയും ധര്‍മേന്ദ്ര സിംഗ് ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ക്യാപ്റ്റന്‍ ജയജേവ് ഉനദ്ഘട്ട് ഒരു വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജക്ക് പുറമെ ചേതേശ്വര്‍ പൂജാരയും സൗരാഷ്ട്രക്കായി കളിക്കുന്നുണ്ട്.

നേരത്തെ ഒരിടവേളക്കുശേഷം ര‍ഞ്ജി ട്രോഫിയില്‍ കളിക്കാനിറങ്ങിയ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ(3), യശസ്വി ജയ്സ്വാള്‍(4), ശുഭ്മാന്‍ ഗിൽ(4) എന്നിവരും നിരാശപ്പെടുത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക