2002ലെ നാറ്റ്‌വെസ്റ്റ് ഫൈനലിലെ പ്രകടനമാണ് കരിയറിലെ ഏറ്റവും തിളക്കമുള്ള ഇന്നിംഗ്സുകളിലൊന്ന്.

മുംബൈ: വിരമിക്കല്‍ പ്രഖ്യാപനത്തിനിടെ തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളെക്കുറിച്ചും മോശം ഇന്നിംഗ്സുകളെക്കുറിച്ചും മനസുതുറന്ന് യുവരാജ് സിംഗ്. ഇന്ത്യക്കായി 400 മത്സരങ്ങളില്‍ കളിക്കാനായതില്‍ താന്‍ ഭാഗ്യവാനാണെന്ന് പറഞ്ഞ യുവി കരിയര്‍ തുടങ്ങിയപ്പോള്‍ ഇത്രയും മത്സരം കളിക്കാനാകുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ലെന്നും വ്യക്തമാക്കി.

2002ലെ നാറ്റ്‌വെസ്റ്റ് ഫൈനലിലെ പ്രകടനമാണ് കരിയറിലെ ഏറ്റവും തിളക്കമുള്ള ഇന്നിംഗ്സുകളിലൊന്ന്. 2004ല്‍ ലാഹോറില്‍ പാക്കിസ്ഥാനെതിരെ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയതും 2007ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനവും പിന്നെ 2007ലെ ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ആറു പന്തില്‍ ആറ് സിക്സറടിച്ചതും എല്ലാം തിളക്കമുള്ള നിമിഷങ്ങളായിരുന്നു. എന്നാല്‍ കരിയറില്‍ ഏറ്റവും പ്രധാനപ്പെട്ട മത്സരം 2011ലെ ഏകദിന ലോകകപ്പ് ഫൈനലായിരുന്നുവെന്നും യുവി പറഞ്ഞു.

ഒരുപാട് ഉയര്‍ത്ത താഴ്ചകള്‍ കണ്ട കരിയറില്‍ മോശം പ്രകടനങ്ങളും ഉണ്ടായിട്ടുണ്ട്. 2014ലെ ടി20 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരെ 21 പന്തില്‍ 11 റണ്‍സെടുത്തതാണ് കരിയറിലെ ഏറ്റവും മോശം പ്രകടനമെന്നും യുവരാജ് പറഞ്ഞു. അത് എന്നെ ഉലച്ചു കളഞ്ഞു. എന്റെ കരിയര്‍ അവിടെ അവസാനിച്ചതായി തനിക്കു തോന്നിയെന്നും യുവി പറഞ്ഞു.