ദില്ലി: കര്‍ഷകര്‍ രാജ്യത്തിന്‍റെ ജീവരക്തമാണെന്ന് ക്രിക്കറ്റ് താരം യുവരാജ് സിംഗ്. തന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് യുവരാജ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. കര്‍ഷകരും സര്‍ക്കാരും തമ്മില്‍ നടത്തുന്ന ചര്‍ച്ചകളില്‍ ഉടന്‍ പരിഹാരം ഉണ്ടാകാന്‍ താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും യുവരാജ് കൂട്ടിച്ചേര്‍ത്തൂ. സമാധാനപരമായ ചര്‍ച്ചകളിലൂടെ ഏത് പ്രശ്നവും പരിഹരിക്കാന്‍ കഴിയുമെന്നും യുവരാജ് പറഞ്ഞു.

അതേ സമയം കര്‍ഷക സമരത്തെ പിന്തുണച്ച് യുവരാജിന്‍റെ പിതാവ് യോഗ് രാജ് സിംഗ് നടത്തിയ ചില പ്രസ്താവനകള്‍ വിവാദമായിരുന്നു. ഇവയെ തള്ളിപ്പറഞ്ഞ യുവരാജ് ഇത്തരം പ്രസ്താവന ഞെട്ടലുണ്ടാക്കിയെന്ന് പറഞ്ഞു. അദ്ദേഹത്തിന്‍റെ പ്രസ്താവനകള്‍ വ്യക്തപരമാണെന്നും, അത് തന്‍റെ ആശയത്തിന് യോജിക്കുന്നതല്ലെന്നും യുവരാജ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് കര്‍ഷക സമരത്തെ പിന്തുണച്ചുള്ള പ്രസംഗത്തില്‍ മുന്‍ ഇന്ത്യന്‍ താരവും നടനുമായ യോഗ് രാജ് സിംഗ് സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയത്. ഇത് ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് യോഗ് രാജിനെ തന്‍റ പടമായ 'കശ്മീര്‍ ഫയല്‍സില്‍' നിന്നും നീക്കം ചെയ്തുവെന്ന് സംവിധായകന്‍ വിവേക് അഗ്നിഹോത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിതാവിന്‍റെ പ്രസ്താവനകളെ തള്ളി യുവരാജ് രംഗത്ത് എത്തിയത്. കൊവിഡിനെതിരെ ജാഗ്രത പാലിക്കണമെന്നും യുവരാജ് തന്‍റെ ജന്മദിന സന്ദേശത്തില്‍ പറയുന്നുണ്ട്.