മൊഹാലി: ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനേയും മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗിനേയും ഒരു ഫോട്ടോയില്‍ കാണുമ്പോള്‍ ഏതൊരു ക്രിക്കറ്റ് പ്രേമിയും ആദ്യം ഓര്‍ക്കുക ടി20 ലോകകപ്പിലെ ആറ് സിക്‌സുകളെ കുറിച്ചാണ്. 2007 ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ടി20 ലോകകപ്പിലാണ് യുവരാജ് ബ്രോഡിന്റെ ഒരോവറില്‍ ആറ് സിക്‌സുകള്‍ പായിച്ചത്. ബ്രോഡിന്റെ കരിയര്‍ ഏറെകുറെ തീരുമാനമായെന്ന് അന്നുതന്നെ ക്രിക്കറ്റ് നിരീക്ഷകര്‍ വിധിയെഴുതിയാണ്. എന്നാല്‍ അവിടംകൊണ്ടൊന്നും തീര്‍ന്നില്ല. 13 വര്‍ഷങ്ങള്‍ കഴിയുന്നു. കഴിഞ്ഞ ദിവസം ബ്രോഡ് ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കി. ടെസ്റ്റിലെ ഇതിഹാസങ്ങളുടെ പട്ടികയിലാണ് ബ്രോഡ്.

അന്ന് ആറ് സിക്‌സുകളടിച്ച യുവരാജ് തന്നെ ബ്രോഡിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലാണ് യുവിയുടെ വാക്കുകള്‍. അതിങ്ങനെ... ''ഞാനെന്തെങ്കിലും ബ്രോഡിനെ കുറിച്ച് പറയുമ്പോഴെല്ലാം ആളുകള്‍ ലോകകപ്പില്‍ ഒരോവറിലെ ആറ് സിക്‌സുകളുമായി ബന്ധപ്പെടുത്താറുണ്ട്. ഇന്ന് ഞാന്‍ എന്റെ ആരാധകരോട് പറയുന്നത് ബ്രോഡിന്റെ നേട്ടത്തിനായി കയ്യടിക്കാനാണ്. ടെസ്റ്റില്‍ 500 വിക്കറ്റ് എന്നുള്ളത് തമാശയല്ല. അര്‍പ്പണ ബോധവും കഠിനാധ്വാനവും ഉറച്ച തീരുമാനങ്ങളും ഉണ്ടാവുമ്പോള്‍ മാത്രമെ ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കാന്‍ കഴിയൂ. ബ്രോഡ്... നിങ്ങളൊരു ഇതിഹാസമാണ്...'' യുവി കുറിച്ചിട്ടു. യുവിയുടെ പോസ്റ്റ് വായിക്കാം.

ടെസ്റ്റില്‍ യുവരാജിനെതിരെ പന്തെറിഞ്ഞ് മടങ്ങുന്ന ബ്രോഡിന്റെ ഫോട്ടോയും ട്വീറ്റിനൊപ്പം കൊടുത്തിയിട്ടുണ്ട്. വിന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റിനെ പുറത്താക്കിയാണ് ബ്രോഡ് 500 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, റിക്കി പോണ്ടിംഗ് തുടങ്ങിയവര്‍ ബ്രോഡിന്റെ നേട്ടത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.