ദില്ലി: ഇന്ത്യന്‍ ടീം ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ പുറത്താവാനുള്ള കാരണം എണ്ണി എണ്ണി പറഞ്ഞ് മുന്‍ താരം യുവരാജ് സിംഗ്. ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ പിടിപ്പുകേടാണ് ലോകകപ്പ് തോല്‍വിക്ക് കാരണമായതെന്ന് യുവി പറഞ്ഞു. ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്റിന് പോകുമ്പോള്‍ മികച്ച ആസൂത്രണം വേണം. എന്നാല്‍ നാലാം നമ്പറില്‍ ആരെ ഇറക്കുമെന്ന കാര്യത്തില്‍ പോലും ഇന്ത്യന്‍ ടീം മാനേജ്മെന്റിന് കൃത്യമായ ധാരണയുണ്ടായിരുന്നില്ലെന്നും യുവി പറഞ്ഞു.

ആദ്യം അവര്‍ അംബാട്ടി റായുഡുവിനെ നാലാം നമ്പറില്‍ പരീക്ഷിച്ചു. ലോകകപ്പില്‍ വിജയ് ശങ്കറെയും ശങ്കറിന് പരിക്കേറ്റപ്പോള്‍ ഋഷഭ് പന്തിനെയും ഇറക്കി. പന്തിനോടോ വിജയ് ശങ്കറോടെ എനിക്ക് യാതൊരു ദേഷ്യവുമില്ല. പക്ഷെ വെറും നാലോ അഞ്ചോ കളിയുടെ പരിചയം മാത്രമുള്ളവരെക്കൊണ്ട് എങ്ങനെയാണ് ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്റ് ജയിക്കാനാവുകയെന്ന് യുവി ചോദിച്ചു. ഇന്ത്യന്‍ ടീമിന്റെ ബുദ്ധികേന്ദ്രങ്ങള്‍ എന്താണ് ചെയ്തിരുന്നത്. ദിനേശ് കാര്‍ത്തിക്കിനെ അത്രയും മത്സരങ്ങളില്‍ പുറത്തിരുത്തിയശേഷം സെമി പോലെ നിര്‍ണായകമായൊരു കളിയില്‍ ഇറക്കി. അതുപോലെ ധോണിയെ ഏഴാം നമ്പറിലും.

വലിയ മത്സരങ്ങളില്‍ ഇത്തരം മണ്ടത്തരങ്ങള്‍ ചെയ്താല്‍ പിന്നെ എങ്ങനെ തോല്‍ക്കാതിരിക്കും. നാലാം നമ്പറില്‍ ഇറങ്ങുന്ന കളിക്കാരന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ പോലും 48 റണ്‍സാണ്. അതുകൊണ്ടാണ് പറഞ്ഞത് ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ ആസൂത്രണം വളരെ പരിതാപകരമായിരുന്നു. കോലിയും രോഹിത്തും നല്ല ഫോമിലായതിനാല്‍ എല്ലാം അവര്‍ നോക്കിക്കൊള്ളുമെന്നായിരുന്നു ടീം മാനേജ്മെന്റ് കരുതിയത്.

2003, 2007, 2015 വര്‍ഷങ്ങളില്‍ ലോകകപ്പ് ജയിച്ച ഓസ്ട്രേലിയയെ നോക്കു. അവര്‍ക്ക് ഓരോ പൊസിഷനിലും സെറ്റായ ബാറ്റ്സ്മാന്‍ ഉണ്ടായിരുന്നു. അവിടെയാണ് ഇന്ത്യക്ക് പിഴച്ചത്. റായുഡുവിന്റെ കാര്യത്തില്‍ സംഭവിച്ചത് തീര്‍ത്തും നിരാശാജനകമായ കാര്യമാണെന്നും ഒരുവര്‍ഷത്തോളം നാലാം നമ്പറില്‍ കളിപ്പിച്ചശേഷം പൊടുന്നനെ ഒഴിവാക്കിയത് നീതീകരിക്കാനാവില്ലായിരുന്നുവെന്നും യുവി പറഞ്ഞു. യുവതാരങ്ങളെ മാത്രം വെച്ച് ലോകകപ്പ് ജയിക്കാനാവില്ല. പരിചയസമ്പത്തുള്ള കളിക്കാരും വേണം. പ്രതിസന്ധിഘട്ടത്തില്‍ അനുഭവസമ്പത്തുള്ള കളിക്കാരുടെ പ്രകടനമാകും നിര്‍ണായകമാകുകയെന്നും യുവി പറഞ്ഞു.