ഗംഭീറിന്റെ ക്രിക്കറ്റ് അവബോധത്തെയും തന്ത്രങ്ങളെയും പിന്തുണച്ച യുവരാജ്, സഞ്ജു സാംസണെയും അഭിഷേക് ശര്‍മയെയും പോലുള്ള താരങ്ങള്‍ അദ്ദേഹത്തിന് കീഴില്‍ മനോഹരമായി കളിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ഗൗതം ഗംഭീറിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി മുന്‍ സഹതാരം യുവരാജ് സിംഗ്. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ സമീപകാല പ്രകടനങ്ങളുടെ പേരില്‍ ഗംഭീര്‍ വലിയ തോതില്‍ വിമര്‍ശിക്കപ്പെടുമ്പോഴും, അദ്ദേഹത്തിന്റെ തന്ത്രങ്ങളെയും ക്രിക്കറ്റ് അവബോധത്തെയും യുവരാജ് പിന്തുണച്ചു. ഗൗതം ഗംഭീറിനൊപ്പം 16 വയസ്സു മുതല്‍ കളിച്ചു വളര്‍ന്ന അനുഭവസമ്പത്ത് പങ്കുവെച്ചുകൊണ്ടാണ് യുവരാജ് സംസാരിച്ചത്.
യുവരാജിന്റെ വാക്കുകള്‍... ''അണ്ടര്‍-16 കാലം മുതല്‍ എനിക്ക് ഗംഭീറിനെ അറിയാം. അദ്ദേഹത്തിന് മികച്ച രീതിയില്‍ കളി വിശകലനം ചെയ്യാനുള്ള കഴിവുണ്ട്. രണ്ട് ലോകകപ്പുകള്‍ നേടുന്നതില്‍ അദ്ദേഹം നിര്‍ണ്ണായക പങ്കുവഹിച്ചു. ഐപിഎല്ലില്‍ മെന്റര്‍ എന്ന നിലയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടത്തിലേക്ക് നയിച്ചു. അദ്ദേഹം ചെയ്യുന്ന കാര്യങ്ങളില്‍ വ്യക്തതയുള്ളതുകൊണ്ടാണ് ഇത്തരം വിജയങ്ങള്‍ ഉണ്ടാകുന്നത്.'' യുവരാജ് പറഞ്ഞു. ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകുമ്പോള്‍ ലോകം മുഴുവന്‍ നിരീക്ഷിക്കുമെന്നും ഒരു പരാജയം നൂറുവട്ടം ചര്‍ച്ച ചെയ്യപ്പെടുമെന്നും യുവരാജ് ഓര്‍മിപ്പിച്ചു.
നേട്ടങ്ങളുടെ കരുത്തില്‍ ഗംഭീര്‍
ഗൗതം ഗംഭീറിന്റെ കീഴില്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലും ടി20 ലോകകപ്പിലും ഇന്ത്യ കിരീടം നേടിയിരുന്നു. രണ്ട് ഫൈനലുകളിലും ന്യൂസിലന്‍ഡിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. തന്റെ ശൈലിയില്‍ ഉറച്ചുനിന്നതാണ് ഈ വിജയങ്ങള്‍ക്ക് കാരണമെന്ന് യുവരാജ് വിശ്വസിക്കുന്നു.
അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''ടി20 ലോകകപ്പിന്റെ തുടക്കത്തില്‍ ബാറ്റിംഗ് നിര പതറിയപ്പോഴും തന്റെ പ്രോസസ്സില്‍ മാറ്റം വരുത്താന്‍ ഗംഭീര്‍ തയ്യാറായില്ല. ആദ്യ പന്ത് മുതല്‍ ആക്രമിച്ചു കളിക്കുക എന്ന ശൈലിയില്‍ അദ്ദേഹം ഉറച്ചുനിന്നു. അഭിഷേക് ശര്‍മയെയും സഞ്ജു സാംസണെയും പോലുള്ള താരങ്ങള്‍ ആ രീതിയില്‍ തന്നെയാണ് കളിക്കുന്നത്.'' യുവരാജ് പറഞ്ഞു.
2026 ഐപിഎല്‍ സീസണ്‍ അവസാനിക്കുന്നതോടെ 2027 ഏകദിന ലോകകപ്പിനുള്ള കൃത്യമായ പദ്ധതി തയ്യാറാക്കുമെന്ന് ഗംഭീര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവില്‍ വിശ്രമത്തിലുള്ള അദ്ദേഹം സെലക്ടര്‍മാരുമായി ചേര്‍ന്ന് ടീമിന്റെ ഭാവി കാര്യങ്ങള്‍ തീരുമാനിക്കും. രോഹിത് ശര്‍മ്മ, വിരാട് കോലി തുടങ്ങിയ മുതിര്‍ന്ന താരങ്ങളുടെ പ്രായവും യുവതാരങ്ങളുടെ കടന്നുവരവും പരിഗണിക്കുമ്പോള്‍ ഗംഭീറിന് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരും.

