മൊഹാലി: ഐപിഎല്‍ പ്രഥമ സീസണ്‍ മുതല്‍ മൂന്ന് വര്‍ഷകാലം മുതല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്നു യുവരാജ് സിംഗ്. ടീമിന്റെ ക്യാപ്റ്റനായും യുവരാജ് കിംഗ്‌സ് ഇലവനൊപ്പമുണ്ടായിരിരുന്നു. താരത്തിന്റെ ഹോം ടീം തന്നെയായിരുന്നു കിംഗ്‌സ് ഇലവന്‍. എന്നാല്‍ ദേശീയ ടീമില്‍ കളിക്കുന്നതിന്റെ പകുതി പ്രകടനം പോലും പുറത്തെടുക്കാന്‍ യുവരാജിന് സാധിച്ചില്ല. ഇപ്പോള്‍ ക്യാപ്റ്റന്‍സിയെ കുറിച്ചും കിംഗ്‌സ് ഇലവനിലെ അനുഭവത്തെ കുറിച്ചും സംസാരിക്കുകയാണ് യുവരാജ് സിംഗ്.

കിംഗ്‌സ് ഇലവനെ നയിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കിലും  ടീമില്‍ അസംതൃപ്തനായിരുന്നുവെന്ന് യുവരാജ് വ്യക്തമാക്കി. ''നിരവധി ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടി കളിച്ചു. എന്നാല്‍ ഏതെങ്കിലും ഫ്രാഞ്ചൈസിയില്‍ നിന്ന് ഒളിച്ചോടാന്‍ തോന്നിയിട്ടുണ്ടെങ്കില്‍ അത് കിംഗ്‌സ് ഇലവനില്‍ നിന്നായിരുന്നു. ഏതെങ്കിലും ഒരു താരത്തെ ആവശ്യപ്പെട്ടാല്‍ ഫ്രാഞ്ചൈസി അത് നല്‍കിയിരുന്നില്ല. എന്നാല്‍ ഞാന്‍ ഫ്രാഞ്ചൈസി വിട്ടപ്പോള്‍ ആവശ്യപ്പെട്ട താരങ്ങളെല്ലാം വന്നു. കിംഗ്‌സ് ഇലവനില്‍ കളിക്കാന്‍ എനിക്ക് ഇഷ്ടമായിരുന്നു. എന്നാല്‍ ക്യാപ്റ്റനെ വിളിപ്പേര് മാത്രമാണ് എനിക്കുണ്ടായിരുന്നത്.''

ഐപിഎല്ലില്‍ തുടര്‍ച്ചയായി ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി മാത്രം കളിക്കാന്‍ സാധിക്കാതെ പോയത് പ്രകടനത്തെ ബാധിച്ചുവെന്നും യുവി പറയുന്നു. ''വിരാട് കോലി, എംഎസ് ധോണി, രോഹിത് ശര്‍മ എന്നിവരെല്ലാം ഏറെക്കാലമായി ഒരേ ഫ്രാഞ്ചൈസിക്കു വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെ കളിച്ചാല്‍ മാത്രമേ ഒരു അടിത്തറയിടാന്‍ താരത്തിനാവുകയുള്ളൂ. എന്നാല്‍ എനിക്ക് ഒരു ടീമിലും ഒരുപാട് കാലം കളിക്കാന്‍ സാധിച്ചില്ല. അത് പ്രകടനത്തെ ബാധിച്ചു. മൂന്നോ നാലോ വര്‍ഷം തുടര്‍ച്ചയായി ഒരു ടീമിന് കളിച്ചിരുന്നെങ്കില്‍ എനിക്കി തിളങ്ങാന്‍ സാധിച്ചേനെ.'' യുവി പറഞ്ഞു.

കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, പൂനെ വാരിയേഴ്സ് ഇന്ത്യ, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്ക് വേണ്ടി യുവി കളിച്ചിട്ടുണ്ട്. മുംബൈക്ക് വേണ്ടിയാണ് അവസാനം കളിച്ചത്.