മുംബൈ: തന്‍റെ തലമുറയിലെ മികച്ച നാല് ഇടംകൈയന്‍ ബാറ്റ്സ്‌മാന്‍മാരുടെ പേരുമായി ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ യുവ്‌രാജ് സിംഗ്. വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ, ഓസീസ് വെടിക്കെട്ട് ഓപ്പണിംഗ് സഖ്യമായിരുന്ന ആദം ഗില്‍ക്രിസ്റ്റ്, മാത്യൂ ഹെയ്ഡന്‍, ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ദാദ സൗരവ് ഗാംഗുലി എന്നിവരെയാണ് യുവി തെരഞ്ഞെടുത്തത്. 

ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ചില ഇടംകൈയന്‍ ബാറ്റ്സ്‌മാന്‍മാര്‍ക്കുള്ള ആദരം എന്ന കുറിപ്പോടെയാണ് യുവ്‌രാജ് നാല് പേരുടെയും ചിത്രം ട്വീറ്റ് ചെയ്‌തത്. നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഇടംകൈയന്‍ ബാറ്റ്സ്‌മാന്‍മാരുടെ പേരുകള്‍ കമന്‍റായി ചേര്‍ക്കാനും യുവി ആവശ്യപ്പെടുന്നു. കുമാര്‍ സംഗക്കാര, ക്രിസ് ഗെയ്‌ല്‍, അലിസ്റ്റര്‍ കുക്ക്, സനത് ജയസൂര്യ തുടങ്ങി നിരവധി പേരുകള്‍ പറയുന്നുണ്ട് ആരാധകര്‍.

ഒരു പേര് വിട്ടുപോയെന്ന് ഓജ!

എന്തുകൊണ്ട് താങ്കളുടെ പേര് ഉള്‍പ്പെടുത്തിയില്ല എന്ന ചോദ്യമാണ് സഹതാരം കൂടിയായിരുന്ന പ്രഗ്യാന്‍ ഓജ മുന്നോട്ടുവച്ചത്. രാജ്യം കണ്ട ഏറ്റവും മികച്ച ഇടംകൈയന്‍ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് യുവി എന്ന് ഓജ കുറിച്ചു. ടീം ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായകമായ ഗൗതം ഗംഭീറിന്‍റെ പേരും ഓര്‍മ്മിപ്പിച്ചു ഒരു ആരാധകര്‍.