മുംബൈ: രണ്ട് വര്‍ഷത്തോളം പഴക്കമുണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നാലാം നമ്പര്‍ ചര്‍ച്ചയ്‌ക്ക്. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന് മുന്‍പ് ഇതിന് വ്യക്തമായ പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഫലം കണ്ടില്ല. ടി20 ലോകകപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കേ ടീം ഇന്ത്യ ഇക്കാര്യത്തില്‍ അലസത കാട്ടുന്നു എന്നാണ് മുന്‍ താരം യുവ്‌രാജ് സിംഗിന്‍റെ വിമര്‍ശനം. 

'നാലാം നമ്പറിലേക്ക് മികച്ച താരമാരെന്ന് കണ്ടെത്തണം. ഞാന്‍ പോയപ്പോള്‍ മനീഷ് പാണ്ഡെ വന്നു. ശേഷം രണ്ടുമൂന്ന് താരങ്ങളെ പരിഗണിച്ചു. കെ എല്‍ രാഹുല്‍ കളിച്ചു, സുരേഷ് റെയ്‌ന തിരിച്ചെത്തി. എട്ട്-ഒന്‍പത് മാസക്കാലം അമ്പാട്ടി റായുഡു കളിച്ചു. അമ്പാട്ടി റായുഡുവിന് പകരം വിജയ് ശങ്കര്‍ വന്നു. നാലാം നമ്പറിന്‍റെ പ്രാധാന്യം മനസിലാക്കി ഉടന്‍ സെലക്‌ടര്‍മാര്‍ തീരുമാനം കൈക്കൊള്ളണം' എന്നും യുവി പറഞ്ഞു. 

ഏറെക്കാലം അമ്പാട്ടി റായുഡുവിനെ പരിഗണിച്ച ഇന്ത്യ ലോകകപ്പില്‍ നാലാം നമ്പറില്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനാണ് അവസരം നല്‍കിയത്. വിജയ് ശങ്കറാവട്ടെ ലോകകപ്പിനിടെ പരുക്കേറ്റ് പുറത്തായി. ഇതോടെ ലോകകപ്പ് ടീമിലെത്തിയത് യുവതാരം ഋഷഭ് പന്ത്. എന്നാല്‍ പന്തിനും കാര്യമായ മികവ് പുറത്തെടുക്കാനായില്ല. ലോകകപ്പിന് ശേഷവും പന്തിന്‍റെ നാലാം നമ്പറിലെ മോശം പ്രകടനം രൂക്ഷ വിമര്‍ശനമാണ് നേരിടുന്നത്.