മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായ വിഷയമായിരുന്നു ജോഫ്ര ആര്‍ച്ചറുടെ അതിവേഗ ബൗണ്‍സറുകള്‍. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസീസ് താരം സ്റ്റീവ് സ്മിത്ത്, ആര്‍ച്ചറുടെ ബൗണ്‍സറുകൊണ്ട് ഗ്രൗണ്ടില്‍ വീണിരുന്നു. അതേ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ മര്‍നസ് ലബുഷാഗ്നെയ്ക്കും ആര്‍ച്ചറില്‍ നിന്ന് ഇതേ അനുഭവമുണ്ടായി.

എന്നാല്‍ സ്മിത്ത് ഗ്രൗണ്ടില്‍ കിടന്നപ്പോള്‍ ബൗളറായിരുന്ന ആര്‍ച്ചര്‍ അടുത്തെത്തി പരിശോധിക്കുക പോലും ചെയ്തിരുന്നില്ല. മാത്രമല്ല, സഹതാരവുമൊത്ത് തമാശ പറഞ്ഞ് ചിരിക്കകുന്നതായും കാണാമായിരുന്നു. തുടര്‍ന്ന് മുന്‍ പാക്കിസ്ഥാന്‍ പേസര്‍ ഷൊയ്ബ് അക്തര്‍ ഒരു ട്വീറ്റ് ഇടുകയുണ്ടായി. അതിങ്ങനെയായിരുന്നു... ''ക്രിക്കറ്റില്‍ ബൗണ്‍സറുകള്‍ സാധാരണയായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ബാറ്റ്‌സ്മാന് പരിക്കേറ്റാല്‍, അടുത്തെത്തി പരിശോധിക്കാനുള്ള മാന്യത ബൗളര്‍മാര്‍ കാണിക്കണം. ആര്‍ച്ചറുടെ ഭാഗത്ത് നിന്ന് അതുണ്ടായില്ല.''

എന്നാലിതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്. യുവരാജിന്റെ ട്വീറ്റ് ഇങ്ങനെ... ''ശരിയാണ് നിങ്ങള്‍ ബാറ്റ്‌സ്മാന്റെ അടുത്തെത്തി പരിശോധിച്ചിരുന്നു. എന്നാല്‍ നിങ്ങള്‍ പറഞ്ഞ വാക്കുകള്‍ ഒരിക്കലും ആശ്വാസം നല്‍കിയിരുന്നില്ല.'' യുവരാജ് മറുപടി നല്‍കിയ ട്വീറ്റിന്റെ പൂര്‍ണരൂപം വായിക്കാം.